കോന്നി: പരിസ്ഥിതി ലോല മേഖലയിൽപെട്ട കോന്നി അരുവാപ്പുലം വില്ലേജിൽ ഉൾപ്പെട്ട റവന്യൂ- വനം ഭൂമിയിൽനിന്ന് ഒരു കോടിയോളം രൂപയുടെ മരങ്ങൾ മുറിച്ചുകടത്തി. 78 കൂറ്റൻ തേക്ക്, മഹാഗണി, മരുതി ഉൾപ്പെടെ 108 മരങ്ങളാണ് മുറിച്ചുകടത്തിയത്. 30-80 വർഷങ്ങൾ പഴക്കമുള്ള മരങ്ങളാണിവ. സംഭവത്തിൽ രണ്ട്പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു.
കോന്നി അരുവാപ്പുലം ഊട്ടുപാറയിൽ നടന്ന മരംമുറി വനംവകുപ്പ് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. കോന്നി മങ്ങാരം ഗോപി വിലാസം വിമോദിന്റെ സ്ഥലത്ത് നിന്നാണ് 78 തേക്കുമരങ്ങൾ മുറിച്ചുമാറ്റിയത്. മരങ്ങൾ മുറിക്കാൻ കരാർ എടുത്തത് ഊട്ടുപാറ തുണ്ടിയ കുളത്ത് റോയ് ടി. മാത്യുവാണ്. ഇരുവരെയും പ്രതിയാക്കിയാണ് നടുവത്തുമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് എടുത്തത്.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറ് രേഷ്മ മറിയം റോയുടെ പിതാവാണ് കരാറുകാരൻ റോയ് ടി മാത്യു. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. അരുവാപ്പുലം വില്ലേജിലെ രണ്ട് വ്യക്തികളുടെ പുരയിടത്തിലെ മരംമുറിക്കുന്നതിനുള്ള പാസിന്റെ മറവിലാണ് മരം കൊള്ള. നോട്ടിഫൈഡ് പ്രദേശമായ റവന്യൂ ഭൂമിയിലെ 93 മരങ്ങളും ആദിവാസികൾ താമസിക്കുന്ന വനഭൂമിയിലെ 15 മരങ്ങളും വെട്ടി കടത്തിയവയിൽ ഉൾപ്പെടും.
അടുത്തിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ 25 മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുവദിച്ച പാസിന്റെ മറവിലാണ് റവന്യൂ ഭൂമിയിലെ 15 മരങ്ങൾ കൂടി മുറിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വൻ മരംകൊള്ള കണ്ടെത്തിയത്.
ചില മരക്കുറ്റികൾ തീയിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശമാണ് അരുവാപ്പുലം പഞ്ചായത്ത്. ഇവിടെ സ്വകാര്യ വ്യക്തികളുടെ പറമ്പിൽനിന്ന് മരങ്ങൾ മുറിക്കുന്നതിനും അനുമതി വേണം. മുറിച്ച മരങ്ങൾ ഞാവനാൽ ചെക്പോസ്റ്റ്വഴി പത്തനാപുരം ഭാഗത്തേക്കാണ് കൊണ്ടുപോയത്
അതേസമയം, കുറച്ച് നാൾ മുമ്പാണ് താൻ സ്ഥലം വാങ്ങിയതെന്നും കൃഷി ആവശ്യങ്ങൾക്കും കാട് തെളിക്കുന്നതിനുമാണ് മരങ്ങൾ മുറിച്ചതെന്നും സ്ഥലം ഉടമ വിമോദ് പറഞ്ഞു.
അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.