കോന്നി: കൂടൽ മേഖലയിൽ ഭീതി പടർത്തി വീണ്ടും പുലിയുടെ ആക്രമണം. പുലിക്കൂട്ടം മൂരിക്കിടാവിനെ കൊന്നുതിന്നതിന് കിലോമീറ്ററുകൾ മാത്രം അകലെ രണ്ട് ആടുകളും പുലിയുടെ ആക്രമണത്തിൽ ചത്തു. പാക്കണ്ടം വള്ളിവിളയിൽ വീട്ടിൽ രണേന്ദ്രന്റെ ആടുകളെയാണ് കഴിഞ്ഞദിവസം പുലി പിടിച്ചത്.
കഴിഞ്ഞദിവസം രാത്രി 11നുശേഷമാണ് സംഭവമെന്ന് കരുതുന്നു. വീടിനുസമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് പുലി കൊന്നത്. ആടിന്റെ പകുതിഭാഗം പുലി ഭക്ഷിക്കുകയും ചെയ്തു.
കലഞ്ഞൂർ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വനപാലകരെ വിവരം അറിയിച്ചതിനെത്തുടർന്ന് പാടം ഡെപ്യൂട്ടി ഫോറസ്റ്റർ അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അജയകുമാർ, ജയപ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സൗമ്യ, അഖില, രാജീവ്, അനൂപ്, സ്ട്രൈക്കിങ് ഫോഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തി പുലിക്കൂട് സ്ഥാപിച്ചു.
ഇതിന് കിലോമീറ്ററുകൾ അപ്പുറത്താണ് ഇഞ്ചപ്പാറ മഠത്തിലേത്ത് വീട്ടിൽ ബാബുവിന്റെ ഒന്നര വയസ്സുള്ള മൂരിക്കിടാവിനെ പുലിക്കൂട്ടം കൊന്ന് ഭക്ഷിച്ചത്. ഇവിടെ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയില്ല. എന്നാൽ, കഴിഞ്ഞദിവസം സംസ്ഥാനപാത കുറുകെ കടന്ന് പുലി പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. രണ്ടാമതും പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
കോന്നി: ആടുവളർത്തൽ കർഷകനായ രണേന്ദ്രന് 18 ആടിനെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പുലിയുടെ ആക്രമണത്തിൽ നഷ്ടമായത്. ഈ വർഷം ജൂൺ 10ന് അഞ്ച് ആടിനെയാണ് ഒരുമിച്ച് പുലി കൊന്നത്.
വീടിനോട് ചേർന്ന റബർ തോട്ടത്തിന് സമീപമാണ് ആട്ടിൻകൂട്. ആടുകൾ പലപ്പോഴായി അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തിട്ടുണ്ടെങ്കിലും പുലി ആണെന്ന് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ നാലുവർഷമായി ആടിനെ വളർത്തിയാണ് ഇയാൾ ഉപജീവനം നടത്തുന്നത്. അജ്ഞാത ജീവിയുടെ ആക്രമണം മൂലം ആടുകൾ ചാകാൻ തുടങ്ങിയതോടെ അവശേഷിച്ചവയെ കൂട്ടത്തോടെ വിറ്റിരുന്നു. ചത്ത ആടുകൾക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചതുമില്ല. ഇതിനിടെ, ഇദ്ദേഹത്തിന്റെ സുഹൃത്തായ പാറയിരിക്കുന്നതിൽ വിജയൻ ഈ പ്രദേശത്ത് പുലിയെ നേരിട്ട് കണ്ടതായും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.