കോന്നി: പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിക്കൊന്ന സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ വീട്ടിൽനിന്ന് നാടൻ തോക്ക് കണ്ടെത്തി. ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ പുറമല പുത്തൻവീട്ടിൽ മാത്തുക്കുട്ടിയുടെ പ്ലാന്റേഷൻ കോർപറേഷൻ ബി ഡിവിഷനോട് ചേർന്ന വീട്ടിൽനിന്നാണ് നാടൻ തോക്കും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്.
പിടിച്ചെടുത്ത തോക്ക് തണ്ണിത്തോട് പൊലീസിന് കൈമാറുമെന്ന് വനപാലകർ അറിയിച്ചു. വടശ്ശേരിക്കര റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എസ്. റെജികുമാർ, എസ്.എഫ്.ഒ അജയൻ, ബി.എഫ്.ഒമാരായ കെ.എസ്. ശ്രീരാജ്, ജി. ബിജു, ബി. ഡാലിയ, ഐശ്വര്യ സൈഗാൾ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ വടശ്ശേരിക്കര റേഞ്ചിൽ തണ്ണിത്തോട്, ഗുരുനാഥൻമണ്ണ് സ്റ്റേഷൻ പരിധിയിൽ പടക്കം പൊട്ടി ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് പറക്കുളം പി.സി.കെ ഭാഗങ്ങളിൽ അന്വേഷണം നടത്തി വരുന്നതിനിടെ ബി ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് ഏകദേശം 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി ഈട്ടിമൂട്ടിൽ സോമരാജൻ പിടിയിലാകുന്നത്. പന്നി പടക്കം ഉപയോഗിച്ചാണ് മ്ലാവിനെ വേട്ടയാടിയത്.
പടക്കം നിർമിക്കുന്നതിൽ വിദഗ്ധനും സൂത്രധാരനുമായ പുറമല പുത്തൻ വീട്ടിൽ മാത്തുക്കുട്ടിയും സഹായി ഹരീഷും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.