കോന്നി: ചിറ്റൂർ മുക്കിനെയും അട്ടച്ചാക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോന്നി ചിറ്റൂർ കടവ് പാലം നിർമ്മാണം മുടങ്ങിയിട്ട് ഏഴ് വർഷത്തിലേറെ. 2016 ഫെബ്രുവരി 26 നാണ് പാലത്തിന്റെ ശിലാ സ്ഥാപനം നടക്കുന്നത്. റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും അനുവദിച്ച 2.50 കോടി രൂപ ചിലവിൽ നിർമ്മിതി കേന്ദ്രത്തിന്റെ ചുമതലയിൽ ആണ് നിർമ്മാണം ആരംഭിച്ചത്.
എന്നാൽ, നദിയുടെ ഇരുകരകളിലുമായി പാലം നിർമ്മിക്കുന്നതിനുള്ള മൂന്ന് തൂണുകളിൽ മാത്രമായി പാലം ഒതുങ്ങി. പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർമ്മാണം കൈമാറാതെ നിർമ്മിതി കേന്ദ്രത്തിന് കരാർ നൽകിയത് മൂലം പണം ലഭിക്കാതെ വന്നതാണ് നിർമ്മാണം നിലയ്ക്കുന്നതിന് കാരണമായത്.
കരാറുകാരന് പണം ലഭിക്കാതെ വന്നതോടെ കോടതി വ്യവഹാരത്തിലേക്ക് എത്തി നിർമ്മാണം പൂർണമായി നിലച്ചു. പിന്നീട് എം എൽ എ ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധ പഠനം നടത്തിയ തിരുവനന്തപുരം സഹകരണ എഞ്ചിനീയറിങ് കോളേളജിലെ വിദഗ്ദ്ധ സംഘം കണ്ടെത്തിയതും തിരിച്ചടിയായി.
അച്ചൻകോവിലാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന് 2023 ൽ പന്ത്രണ്ട് കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. 2024ൽ കൂടിയ സാങ്കേതിക കമ്മറ്റി പാലം നിർമ്മാണ ആവശ്യം ധനകാര്യ വകുപ്പിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് അനുമതി കൂടി ലഭിച്ചാൽ ഉടൻ പാലം യഥാർഥ്യമാകുമെന്നാണ് കരുതുന്നത്.
പാലം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാന പാത കടന്നുപോകുന്ന ചിറ്റൂർ ജംഗ്ഷനിൽ നിന്നും ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്കും കോന്നി നഗരം ഒഴിവാക്കി വളരെ വേഗം എത്തിച്ചേരാൻ സാധിക്കും.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ഒൻപത് പാലങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. സാധാരണയായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയാറാക്കി സാങ്കേതിക അനുമതി വാങ്ങിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ഈ പദ്ധതിക്കായി തുക അനുവദിക്കുന്നതിന് മുമ്പാണ് സേംസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർമ്മാണം ആരംഭിച്ചത്.
തുടർന്ന് പണം കിട്ടാതായതോടെ പാതിവഴിയിൽ പണി ഉപേക്ഷിച്ച് കോടതിയെ സമീപിക്കേണ്ടിയും വന്നു. പ്രവർത്തിയുടെ നോഡൽ ഏജൻസിയായ നിർമ്മിതി കേന്ദ്രക്ക് പാലത്തിന്റെ ഡെക്ക് സ്ലാബ് രൂപകൽപന പരിശോധിക്കുന്നതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് മന്ത്രിതല മീറ്റിങ്ങിൽ കണ്ടെത്തിയതും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.