കോന്നി: കോന്നിയുടെ വിവിധ ഭാഗങ്ങളിൽ മോഷണം തുടർക്കഥയായിട്ടും മോഷ്ടാക്കളെ പിടികൂടാൻ നടപടിയില്ല. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് അടുത്തിടെ കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടന്നത്. കഴിഞ്ഞദിവസം പുലർച്ച വകയാർ കുളത്തിങ്കലിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കാലിലെ സ്വർണ പാദസരം മോഷ്ടിച്ചതാണ് ഇതിൽ അവസാനത്തേത്. ഇതിനുമുമ്പ് വകയാർ എട്ടാംകുറ്റിയിൽ കാർ വാഷ് സെന്ററിലും മോഷണം നടന്നിരുന്നു.
വട്ടക്കാവ് തെങ്ങുംമുറിയിൽ വീട്ടിൽ ജോസിന്റെ വീട്ടിൽ കടന്ന കള്ളന്മാർ ഭാര്യയുടെ കഴുത്തിൽ കിടന്ന മാലയും 10,000 രൂപയും സ്വർണ നാണയവും അപഹരിച്ചത് അടുത്തിടെയാണ്. തൊട്ടടുത്ത ദിവസം രാത്രി ഒന്നരയോടെ വകയാർ പുത്തൻപുരക്കൽ പി.എം. മാത്യുവിന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ സ്വർണം അപഹരിച്ചു. ഇതേ സ്ഥലത്ത് മേലേതിൽ പ്രസാദിന്റെ വീട്ടിലും പത്മഭവനിൽ പത്മിനിയമ്മയുടെ വീട്ടിലും മോഷണ ശ്രമങ്ങൾ ഉണ്ടായി. ഇതിനുശേഷം കോന്നിയിലെ പെട്രോൾ പമ്പിൽനിന്ന് ജീവനക്കാർ നോക്കിനിൽക്കെ സ്കൂട്ടറും അപഹരിച്ചിരുന്നു.
പ്രമാടം വട്ടകുളഞ്ഞിയിൽ മോഷണം നടത്തിയ പ്രതികളെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ല. വകയാർ ഇൻഫന്റ് ജീസസ് ചർച്ച് ദേവാലയത്തിന്റെ കുരിശ്ശടി കുത്തിത്തുറന്ന് മോഷ്ടാക്കൾ പണം അപഹരിച്ചിരുന്നു.
അരുവാപ്പുലം മുതുപേഴുങ്കലിലും വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. കോന്നിയിൽ തുടരുന്ന മോഷണങ്ങളെക്കുറിച്ച് താലൂക്ക് വികസന സമിതിയിൽ നിരവധിതവണ ചർച്ചയായിരുന്നു. എന്നാൽ, അന്വേഷണം നടന്നുവരുന്നു എന്ന മറുപടി മാത്രമാണ് പൊലീസ് അധികൃതർക്ക് പറയാനുള്ളത്.
കോന്നിയിൽ മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡി.ജി.പിക്ക് പരാതി നൽകാനും താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കോന്നിയിൽ രാത്രി പരിശോധനകൾ ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.