കോന്നി: അവധി ദിനങ്ങളിൽ സഞ്ചാരികളാൽ നിറഞ്ഞ് ആനക്കൂട്. ഞായറാഴ്ച വൈകീട്ട് നാല് വരെ മാത്രം 1500 സന്ദർശകരാണ് ഇവിടെ എത്തിയത്. വേനലവധി ആയതോടെ നിരവധി സഞ്ചാരികളാണ് കോന്നി ആനക്കൂട്ടിലെത്തുന്നത്. കുടുംബത്തോടും കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ് ആനക്കൂട്. കഴിഞ്ഞ മാസം മാത്രം പതിനായിരത്തോളം ആളുകൾ ആനക്കൂട്ടിലെത്തിയെന്നാണ് കണക്കുകൾ. സാധാരണ അവധി ദിവസങ്ങളിൽ ശരാശരി 500ഓളം പേർ മാത്രം എത്തുന്ന സ്ഥിതിയിൽ നിന്ന് അവധികൾ ഒന്നിച്ചെത്തിയപ്പോൾ എണ്ണവും ഇരട്ടിയായി. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയർന്നേക്കും.
ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് ആനകൂട്ടിലുള്ളത്. കുട്ടിയാനയടക്കം മൂന്ന് കൊമ്പനും മൂന്ന് പിടിയാനയും. കൊമ്പനിൽ ഒന്ന് കുങ്കി പരിശീലനം ലഭിച്ചതാണെങ്കിലും കാലിന് അവശതയുള്ളതിനാൽ കുങ്കിയെ ജോലിക്ക് കൊണ്ടുപോകാറില്ല. ഇവയെ പരിപാലിക്കാനായി 12 പാപ്പാൻമാരും ഇവിടെയുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴിന് ആനകളെ വളപ്പിനകത്ത് നടക്കാൻ കൊണ്ടുപോകും. രാവിലെ ഒമ്പതു മുതൽ സന്ദർശകരെ പ്രവേശിപ്പിക്കും. ഈ സമയം ആനകളെ കുളിപ്പിക്കുന്നത് കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. അരിയും റാഗിയും ഗോതമ്പും ചേർത്ത് ഉണ്ടാക്കുന്ന ചോറ് നൽകുന്നതു കാണാനും സന്ദർശകർ കാത്തു നിൽക്കും. തുടർന്ന് രാത്രി ഏഴ് വരെയും സന്ദർശക പ്രവാഹമാണ്. കുട്ടികൾക്കായുള്ള പാർക്കും ചെറിയൊരു ആന മ്യൂസിയവും വനഉൽപന്നങ്ങളുടെ വിപണന കേന്ദ്രവുമെല്ലാം സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 2007ൽ ആരംഭിച്ച കോന്നി ഇക്കോ ടൂറിസത്തിൽ 80ലധികം ജീവനക്കാർ ജോലി ചെയ്യുന്നു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്കും വിദ്യാർഥികൾക്കും 15 രൂപയുമാണ് പാസ്. വിദ്യാർഥികൾക്ക് സ്ഥാപനത്തിന്റെ കത്ത് ഉണ്ടെങ്കിൽ മാത്രമേ പാസിൽ ഇളവ് ലഭിക്കൂ. ‘കൊച്ചയ്യപ്പൻ’ എന്ന രണ്ടുവയസ്സുള്ള കുട്ടിയാനയാണ് പ്രധാന താരം.
ഒരു വയസ്സോളം മാത്രം പ്രായമുള്ളപ്പോൾ കൊച്ചാണ്ടി ചെക്ക്പോസ്റ്റിന് സമീപത്ത് വനത്തിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടം തെറ്റി കണ്ടെത്തിയതാണ് കൊച്ചയ്യപ്പനെ. കുറച്ചുദിവസത്തേക്ക് മുളകൊണ്ട് കൂട് കെട്ടി അവിടെ നിർത്തി. എന്നിട്ടും തള്ളയാന തേടിയെത്താത്തതിനാലാണ് ആനക്കൂട്ടിലെത്തിച്ചത്. പിന്നീടവൻ കൂടിന്റെ സ്വന്തമായി. ഷംസുദ്ദീനും വിഷ്ണുവുമാണ് പരിപാലകർ. കൂട്ടത്തിലെ വികൃതി ഒമ്പത് വയസ്സ് പ്രായമുള്ള കൃഷ്ണയാണ്. പ്രിയദർശിനിയും ഈവയും മീനയുമാണ് മറ്റ് ഗജസുന്ദരികൾ.
2007ൽ ആരംഭിച്ച കോന്നി ഇക്കോ ടൂറിസത്തിൽ 80ലധികം ജീവനക്കാർ ജോലി ചെയ്യുന്നു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്കും വിദ്യാർഥികൾക്കും 15 രൂപയുമാണ് പാസ്. വിദ്യാർഥികൾക്ക് സ്ഥാപനത്തിന്റെ കത്ത് ഉണ്ടെങ്കിൽ മാത്രമേ പാസിൽ ഇളവ് ലഭിക്കൂ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.