പത്തനംതിട്ട: പ്രവാസികളുടെ നാടായ പത്തനംതിട്ട ദിവസങ്ങളിലായി സങ്കടക്കടലിലാണ്. ദിവസങ്ങളായി മലയോര ജില്ലയിൽനിന്ന് ഉയരുന്ന ആർത്ത നാദങ്ങൾക്ക് മുമ്പിൽ കണ്ണീർതൂകുകയാണ് കാർഷിക ജനത. പരസ്പരം ആശ്വസിപ്പിക്കാനാകാതെ അവർ വേദന കടിച്ചമർത്തുന്നു. ആശ്വസ വാക്കുകളുമായി കുടുംബങ്ങളിലേക്ക് കടന്ന് ചെല്ലുന്നവരും കണ്ണീർതൂകിയാണ് മടങ്ങുന്നത്. കുവൈത്തിലെ മഗ്ഫിലെ തൊഴിലാളികൾ താമസിച്ച ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തതിൽ ആറുപേരൊയാണ് ജില്ലക്ക് നഷ്ടപ്പെട്ടത്. ജില്ലയിലാണ് കൂടുതൽ പേർക്ക് മരണം സംഭവിച്ചത്.
1990 കളിലെ കുവൈത്ത്- ഇറാഖ് യുദ്ധകാല സമാന സാഹചര്യത്തിലൂടെയാണ് പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല കടന്നുപോകുന്നത്. കുവൈത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരാണ് പത്തനംതിട്ടയിലെ മിക്ക വീടുകളും. അതുകൊണ്ടു തന്നെ ദുഃഖത്തിന്റെ ആഴം വർധിച്ചു. ബുധനാഴ്ച ഉച്ചയോടെ കുവൈത്തിൽ നിന്നെത്തിയ വാർത്തകൾ ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ മരിച്ചവരുടെ പേരുവിവരം വന്നു തുടങ്ങിയതോടെ നാടിന്റെ ദുഃഖം ഇരട്ടിച്ചു. മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങളുകളിലൂടെയാണ് ഇപ്പോൾ ജില്ല കടന്നുപോകുന്നത്. എല്ലായിടത്തും ആയിരങ്ങളാണ് ഒഴുകി എത്തുന്നത്.
പന്തളം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ്. നായര്‍ (31), വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരന് നായർ (61), തിരുവല്ല പെരിങ്ങര മേപ്രാൽ മരോട്ടിമൂട്ടില്‍ ചിറയില്‍ ഉമ്മന്‍ - റാണി ദമ്പതികളുടെ മകൻ തോമസ് സി. ഉമ്മന്‍ (ജോബി-37) എന്നിവരുടെ സംസ്കാരം കഴിഞ്ഞു. മുരളീധരൻ നായരുടെ സംസ്കാരം ഭൗതികശരീരങ്ങൾ കുവൈത്തിൽ നിന്ന് എത്തിച്ച വെള്ളിയാഴ്ച്ച തന്നെ കഴിഞ്ഞിരുന്നു. കോന്നി അട്ടച്ചാക്കല്‍ ചെന്നശേരിൽ സജു വര്‍ഗീസ് (56), മല്ലപ്പള്ളി കീഴ് വായ്പൂര് തേവരോട്ട് സിബിൻ ടി. ഏബ്രഹാം (31), നിരണം സ്വദേശി മാത്യു ജോർജ് (54) എന്നിവരുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. തിരുവല്ല നിരണം സ്വദേശിയാണെങ്കിലും മാത്യു ജോർജും കുടുംബവും നിലവിൽ ചെങ്ങന്നൂർ പാണ്ടനാട്ടാണ് താമസം. ഇവരിൽ പലരും വർഷങ്ങളായി കുവൈത്തിൽ ജോലി നോക്കുന്നവരാണെങ്കിലും കുടുംബത്തിന്റെ പ്രതീക്ഷകളും അത്താണിയുമായിരുന്നു.
മലയാളികൾ ഏറെ ജോലി ചെയ്യുന്ന സ്ഥാപനത്തിലായിരുന്ന ഇവരിൽ പലരും സുഹൃത്തുക്കളും അടുത്ത പരിചയക്കാരുമൊക്കെയായിരുന്നു. പലരുടെയും ബന്ധുക്കളും അപകടത്തിൽപെട്ടിട്ടുണ്ട്. 30 വർഷമായി കുവൈത്തിൽ ജോലി നോക്കിയിരുന്ന മുരളീധരൻ നായരുടെ മരണം കുടുംബത്തെ തളർത്തിക്കളഞ്ഞു. 16 വർഷമായി ഇതേ കമ്പനിയിൽ സൂപ്പർവൈസർ തസ്തികയിൽ ജോലി നോക്കുകയായിരുന്നു. ആറുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയതാണ്. മകൾ വിവാഹിതയാണ്. മകനും ഭാര്യയുമാണ് നാട്ടിലുള്ളത്. 22 വർഷമായി കുവൈത്തിൽ ജോലി നോക്കുന്ന അട്ടച്ചാക്കൽ സ്വദേശി സജുവിന്റെ മരണത്തോടെ രണ്ട് പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. പന്തളം സ്വദേശി ആകാശിന്റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. മാതാവ് മാത്രമാണ് ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത്. ഏക സഹോദരി വിവാഹിതയാണ്.
മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മനിലായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ഭാര്യയും ഏകമകളുമടങ്ങുന്ന കുടുംബത്തിന് ഇനി ആരുമില്ലെന്ന സ്ഥിതിയായി. മല്ലപ്പള്ളി കീഴ്വായ്പൂര് സ്വദേശി സിബിന്റെ മരണവും കുടുംബത്തെ തളർത്തി കഴിഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ ആ കുടുംബം നടക്കുന്ന മൂന്നാമത്തെ മരണമാണ്.
പത്തനംതിട്ട: കുവൈത്തിലെ പ്രമുഖ കെട്ടിട നിർമാണ കമ്പനിയായ നാസർ എം. അൽബദ്ദ ആൻഡ് പാർട്ണർ ജനറൽ ട്രേഡിംഗ് കമ്പനി (എൻബിടിസി)യുടെ മാനേജിങ് പാർട്ണർ തിരുവല്ല സ്വദേശിയായതിനാൽ ജീവനക്കാരിൽ കൂടുതലും തിരുവിതാംകൂറിൽ നിന്നുള്ളവരാണ്. പ്രമുഖ സംരംഭകനായ കെ. ജി. ഏബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്. ഏറെ വർഷങ്ങളായി കുടുംബവുമൊത്ത് കുവൈത്തിലാണ് താമസം. ജോലിക്കുവേണ്ടി തന്നെ സമീപിച്ച ഏറെപ്പേരെ ഏബ്രഹാം കടൽ കടത്തി കുവൈത്തിലെത്തിച്ചിട്ടുണ്ട്. നിരണം, തിരുവല്ല, മല്ലപ്പള്ളി മേഖലയിൽപെട്ട നിരവധിയാളുകൾ എൻബിടിസിയിൽ ജോലിയിൽ പ്രവേശിച്ചത് ഇദ്ദേഹത്തിന്റെ പിൻബലത്തിലാണ്.
അപകടത്തെ തുടർന്നു കമ്പനിയുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായി. മരിച്ചവരുടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കാനും ആവശ്യമായ സാമ്പത്തിക സഹായം നൽകാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയശേഷം 22 ാം വയസ്സിലാണ് കെ.ജി. ഏബ്രഹാം കുവൈത്തിലെത്തിയത്. ഏഴുവർഷം ജോലി ചെയ്തശേഷം അദ്ദേഹം സ്വന്തമായി സ്ഥാപനം തുടങ്ങുകയായിരുന്നു. തുടർന്ന് ചെറിയ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.
കുവൈത്തിലെ ഹൈവേ സെന്റർ സൂപ്പർമാർക്കറ്റ് ശൃംഖലയും അദ്ദേഹത്തിന്റെ വകയാണ്. തിരുവല്ല എലൈറ്റ് ഹോട്ടലും എറണാകുളം ക്രൗൺപ്ളാസയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 1977 മുതലാണ് കുവൈത്ത് കേന്ദ്രമാക്കി കെ.ജി.എ ഗ്രൂപ്പ് ആരംഭിച്ചത്. പിന്നാലെ എൻ.ബി.ടി.സി കമ്പനിയും ആരംഭിച്ചു. സമീപകാലത്ത് പുറത്തിറങ്ങിയ 'ആടുജീവിതം' സിനിമയ്ക്കുവേണ്ടി മുതൽ മുടക്കിയതും ഏബ്രഹാമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.