പത്തനംതിട്ട: കോൺഗ്രസിന് തലവേദനയായി കോന്നി, ആറന്മുള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം. നിലവിൽ ജില്ലയിൽ യു.ഡി.എഫിന് വിജയ പ്രതീക്ഷയുള്ള രണ്ട് മണ്ഡലങ്ങളാണിവ. അതുകൊണ്ട് തന്നെ രണ്ടിടങ്ങളിലും ഭൈമീകാമുകന്മാരുടെ എണ്ണവും കൂടുതലാണ്. അർഹതയില്ലാത്തവരും അവകാശവാദം ഉന്നയിക്കുന്നതിൽ ഒരുകുറവും കാണിക്കുന്നില്ല.
അടൂർ പ്രകാശ് കാൽനൂറ്റാണ്ടോളം കൈവശംവെച്ച കോന്നി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കൈവിട്ടത് പാർട്ടിയിലെ പടലപ്പിണക്കങ്ങളുടെ ഫലമായ അടിയൊഴുക്കുകൾ മൂലമാണെന്ന് കോൺഗ്രസ് നേതൃത്വം വിലിയിരുത്തിയതാണ്. യു.ഡി.എഫിെൻറ വോട്ട് ബാങ്കായി കരുതുന്ന ഓർത്തഡോക്സുകാർ രാഷ്ട്രീയം മാറ്റിവെച്ച് സഭാംഗത്തെ സഹായിച്ചതാണ് പരാജയത്തിന് കാരണമായതെന്നാണ് ആറന്മുളയുടെ കാര്യത്തിലെ പൊതു വിലയിരുത്തൽ.
ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാൽ രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്നാണ് ആഭ്യന്തര സർവേയിലടക്കം കണ്ടെത്തി. ഈ സാഹചര്യത്തിലും സ്ഥാനാർഥികളുടെ കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായഐക്യം ഉണ്ടാക്കിയെടുക്കാൻ കഴിയാത്തത് നേതൃത്വത്തിന് തലവേദനയായി തുടരുകയാണ്.
ആരെ തീരുമാനിച്ചാലും സീറ്റ് കിട്ടാത്തവർ സ്ഥാനാർഥിയുടെ പരാജയം ഉറപ്പാക്കാൻ രഹസ്യ തന്ത്രങ്ങളുമായി രംഗത്തിറങ്ങുമെന്ന് ഉറപ്പായ മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോന്നിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചില ഡി.സി.സി സെക്രട്ടറിമാർ കഴിഞ്ഞ ദിവസം നടത്തിയ പരസ്യ പ്രതികരണം.
നേതാക്കൾ ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇതിന് പിന്നാലെ മണ്ഡലത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നിൽ സി.പി.എമ്മിെൻറ ഗൂഢാലോചനയും സംശയിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ സാധാരണ കോൺഗ്രസ് പ്രവർത്തകരും നിരാശയിലാണ്.
പാർട്ടി താൽപര്യം ബലികഴിച്ച് വ്യക്തിതാൽപര്യങ്ങളുമായി ഒരു വിഭാഗം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പുറത്തുനിന്നുള്ള സ്ഥാനാർഥികളെയും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. പ്രത്യേകിച്ച് കോന്നിയിൽ.
ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് എം. ലിജുവിെൻറ പേരും പരിഗണന ലിസ്റ്റിലുണ്ട്. പുറത്തുനിന്ന് സ്ഥാനാർഥി എത്തിയാൽ കലഹിച്ച് നിന്നവരെല്ലാം ചേർന്ന് കാലുവാരി നിലത്തടിക്കുമോ എന്നും നേതൃത്വം ഭയക്കുന്നു. എല്ലാ ജില്ലകളിലും വനിത സ്ഥാനാർഥി േവണമെന്ന ഹൈകമാൻഡ് താൽപര്യത്തിെൻറ കൂടി അടിസ്ഥാനത്തിൽ ആറന്മുളയിൽ രാഹുൽ ഗാന്ധിയുടെ സ്ഥിരം പരിഭാഷകയായ ജ്യോതി വിജയകുമാർ കടന്നുവരാനുള്ള സാധ്യതയും നിലനിൽക്കുന്നു.
തിരുവല്ല, റാന്നി നിയോജകമണ്ഡലങ്ങളിൽ വിജയസാധ്യത താരതമ്യേന കുറഞ്ഞതാണ് ഇവിടങ്ങളിൽ ഭൈമീകാമുകന്മാരുടെ എണ്ണം കുറയാൻ കാരണം. എങ്കിലും പി.ജെ. കുര്യൻ മത്സരിക്കാൻ എത്തിയാൽ ഇവിടങ്ങളിലും കലഹം മൂർച്ഛിക്കും എന്ന് ഉറപ്പാണ്.
സംവരണ മണ്ഡലമായ അടൂരിൽ പക്ഷേ, വലിയ േകാലാഹങ്ങളില്ല. ഇവിടെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണനെ സ്ഥാനാർഥിയാക്കി അതുവഴി യുവ പ്രാതിനിധ്യം ഉറപ്പാക്കാമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. കണ്ണനെ കൂടാതെ അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരനും പന്തളം പ്രതാപനുമാണ് ഇവിടെ പരിഗണന ലിസ്റ്റിലുള്ള മറ്റുള്ളവർ. ഒന്നിനും ഒരു നിശ്ചയവുമില്ലാതെ ജില്ലയിലെ പാർട്ടി നേതൃത്വം ഫലത്തിൽ മുകളിൽനിന്ന് ലിസ്റ്റ് വരുന്നതും കാത്തിരിപ്പാണ്.
കോന്നി: അടൂർ പ്രകാശ് എം.പിക്കും റോബിൻ പീറ്ററിനും എതിരായി കോന്നിയിൽ പോസ്റ്ററുകൾ. കോൺഗ്രസ് സംരക്ഷണ വേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചത്. ഉപതെരഞ്ഞെടുപ്പിൽ പി. മോഹൻരാജിനെ എൻ.എസ്.എസ് സ്ഥാനാർഥിയെന്ന് ആേക്ഷപിച്ച് പരാജയപ്പെടുത്തിയതും ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറത്തിനെയും എലിസബത്ത് അബുവിനെയും പ്രമാടം മണ്ഡലം പ്രസിഡൻറ് വിശ്വംഭരനെയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽപിച്ചതും അടൂർ പ്രകാശും റോബിൻ പീറ്ററും ചേർന്നാണെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.