പത്തനംതിട്ട: ഏഴ് നിയമസഭ മണ്ഡലങ്ങളും ചുവന്നെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ ജന മനസ്സ് കോൺഗ്രസിനൊപ്പമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് മലയോര പ്രദേശങ്ങൾ ഉൾപ്പെട്ട പത്തനംതിട്ട ലോക്സഭ മണ്ഡലം.
സർപ്രൈസ് സ്ഥാനാർഥികളിലൂടെ മണ്ഡലം പിടിക്കാനുള്ള എൽ.ഡി.എഫിന്റെയും എൻ.ഡി.എയുടെയും രാഷ്ട്രീയ തന്ത്രങ്ങൾ പാളുന്നതിനാണ് ഒരിക്കൽകൂടി പത്തനംതിട്ട സാക്ഷിയായത്. തന്ത്രങ്ങൾ പിഴച്ചതിന്റെ നിരാശയിലാണ് ഇരു മുന്നണി നേതൃത്വങ്ങളും. യു.ഡി.എഫിന്റെ സമവാക്യങ്ങളിൽ വിള്ളൽ വീഴ്ത്താനായി ഇടതുമുന്നണി നേരത്തെ കളത്തിലിറക്കിയ തോമസ് ഐസക്കിന്റെ പരാജയം നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായി.
മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകനെന്ന മേൽവിലാസത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ട് കളത്തിലിറക്കിയ അനിൽ. കെ ആന്റണിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനും കഴിഞ്ഞില്ല.
അടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയത് എല്‍.ഡി.എഫ് മാത്രമാണ്. എല്ലാ ബൂത്തുകളിലും അവര്‍ സജീവമായിരുന്നു. തങ്ങള്‍ക്ക് വേണ്ട വോട്ടുകള്‍ എല്ലാം തന്നെ ചെയ്യിപ്പിക്കാനും കഴിഞ്ഞു. വളരെ കൃത്യമായിട്ടാണ് അവര്‍ ഓരോ ഘട്ടവും മുന്നോട്ടു പോയത്. ചുരുങ്ങിയത് മൂന്നു തവണ മുഴുവന്‍ വീടുകളും പ്രവര്‍ത്തകര്‍ കയറിയിറങ്ങി.
ഒരു ബൂത്തില്‍ 250 വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ അഞ്ചു പേരെ വീതം ചുമതലപ്പെടുത്തി. ഒരാള്‍ 50 വോട്ടര്‍മാരെ വീതം നിര്‍ബന്ധമായും ബൂത്തിലെത്തിക്കേണ്ടിയിരുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച എൽ.ഡി.എഫ് ജില്ലയിലെ സിറ്റിങ് മണ്ഡലങ്ങളിൽ പോലും കാലിടറുന്ന കാഴ്ചയാണ് പെട്ടി പൊട്ടിച്ചപ്പോൾ കണ്ടത്. കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിനു ശേഷം സി.പി.എമ്മിന്റെ ജില്ല ചുമതലയിൽ തോമസ് ഐസക്കിനെ പത്തനംതിട്ടയിലേക്ക് അയച്ചത് തന്നെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വം മുന്നിൽ കണ്ടാണ്.
ഒന്നരവർഷത്തോളം അദ്ദേഹം മണ്ഡലത്തിന്റെ വികസന കാഴ്ച്ചപ്പാടുമായി നിറഞ്ഞ് നിന്നു. ആറുമാസം മുമ്പ് തിരുവല്ല കേന്ദ്രീകരിച്ച് മൂന്ന് ദിവസത്തോളം നീണ്ട മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിച്ചു. പ്രവാസി വിഷയങ്ങളും മണ്ഡലത്തിന്റെ വിദേശ കുടിയേറ്റ പ്രശ്നങ്ങളും വിദേശ രാജ്യങ്ങളിലെ ജോലി സാധ്യതകളും ചർച്ച ചെയത് പരിപാടിയിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ പങ്കെുടുപ്പിക്കാൻ കഴിഞ്ഞു. പ്രവാസികളായ നിരവധി പേർ പങ്കെടുത്തു. ഇതിനു ശേഷം യുവജനങ്ങൾക്കായി ഉറപ്പാണ് തൊഴിൽ എന്ന മറ്റൊരു പദ്ധതിയും സർക്കാർ സംവധാനങ്ങളുടെ സഹായത്തോടെ ജോബ് സ്റ്റേഷനുകളും തുറന്നു. അദ്ദേഹത്തിന്റെ മുൻകൈയിൽ രൂപവത്കൃതമായ കുടുംബശ്രീ സംവിധാനങ്ങളും ഒപ്പമുണ്ടായിരുന്നു.
എന്നാൽ, ഇതൊന്നും വോട്ടായില്ല. ഭരണ വിരുദ്ധ വികാരം, അഴിമതി, സി.പി.എമ്മിലെ ചേരിപ്പോരുകൾ ഇവയൊക്കെ ജില്ലയിൽ ഇടതിന്റെ കനത്ത പരാജയത്തിന് ഇടയാക്കി. തോമസ് ഐസക്കിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ തന്നെ ചില അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. പ്രചരണ പ്രവർത്തനങ്ങളിൽ പല മണ്ഡലങ്ങളിലും പ്രവർത്തകർ നിർജീവമായിരുന്നു. റാന്നിയിൽ നിന്നുള്ള മുൻ എം.എൽ.എ രാജു എബ്രഹാമിന് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം. എന്നാൽ, അദ്ദേഹത്തെ തഴഞ്ഞാണ് തോമസ് ഐസക്കിന് സീറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.