മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസരങ്ങളിലും ലഹരിമാഫിയ തടിച്ചുകൊഴുക്കുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. ചുങ്കപ്പാറ ബസ്സ്റ്റാൻഡ്, ചുങ്കപ്പാറ-പൊന്തൻപുഴ റോഡ്, ഒരക്കൻപാറ, പുല്ലാന്നിപ്പാറ, നാഗപ്പാറ എന്നിവിടങ്ങളിൽ മദ്യവിൽപനയും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയും തകൃതിയിൽ നടക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതർ.
ആൾത്താമസമില്ലാത്ത വിടുകൾ, റബർ തോട്ടങ്ങൾ, ആളൊഴിഞ്ഞ പ്രദേശങ്ങൾ, ചില ചെറുവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മദ്യവിൽപന നടക്കുന്നുണ്ട്. ഓട്ടോറിക്ഷകളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. മദ്യം വാങ്ങുന്നവർക്ക് റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്ത് മദ്യപിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കി നൽകുന്നുമുണ്ട്.
ബിവറേജസ് ഷോപ്പിൽനിന്ന് വാങ്ങുന്ന മദ്യത്തിന് മൂന്നിരട്ടി വിലക്കാണ് വിൽപന നടത്തുന്നത്. അമിത വിലയ്ക്കും വാങ്ങാൻ ആളുകൾ ഉള്ളതിനാൽ ദിനംപ്രതി കച്ചവടക്കാരുടെ എണ്ണവും വർധിച്ചുവരുകയാണ്. സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെ അസഭ്യംപറച്ചിൽ കാരണം വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
നാഗപ്പാറ, ഒരക്കൻപാറ എന്നിവിടങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നും വിദ്യാർഥികൾ ഉൾപ്പെടെ എത്തുന്നവർ ഏറെയാണ്. അധികവും ലഹരി ഉപയോഗത്തിനാണ് എത്തുന്നതും. എക്സൈസ്, പൊലീസ് അധികാരികളുടെ അനങ്ങാപ്പാറ നയമാണ് മദ്യവിൽപന കേന്ദ്രങ്ങൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്.
പൊലീസിനെ അറിയിച്ചാൽ അറിയിക്കുന്ന ആളിന്റെ വിവരങ്ങൾ വിൽപനക്കാരെ അറിയിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ട് പലരും ഇതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. പൊലീസിൽ ചിലരുടെ ഒത്താശയും ഇത്തരക്കാർക്കുണ്ടെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.