മല്ലപ്പള്ളി: ചുങ്കപ്പാറ-ആലപ്രക്കാട്ട്-കോട്ടാങ്ങൽ റോഡ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തിയാക്കിയെങ്കിലും റോഡിന്റ ഇരുവശവും കാടും മുൾപ്പടർപ്പും നിറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്കുളള എളുപ്പമാർഗമായതിനാൽ വാഹനയാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡാണിത്. വലിയവാഹനങ്ങൾ കടന്നുപോകുബോൾ സൈഡ് നൽകാൻ പറ്റാത്ത സ്ഥിതിയാണ്.
പലപ്പോഴും കാൽനടക്കാരും ഇരുചക്രവാഹന യാത്രക്കാരും വശങ്ങളിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നു. കാട് പിടിച്ചതിനാൽ ഈ പ്രദേശത്ത് മാലിന്യം തള്ളുന്നതും പതിവാണ്. കാട്ടുപന്നി, കുറുനരി, പെരുമ്പാമ്പ്, തെരുവുനായ് ശല്യവും രൂക്ഷമാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതുമൂലം പ്രഭാത സവാരിക്കാർ പത്രവിതരണക്കാർ, വിദ്യാർഥികൾക്കും തുടങ്ങിയവർ ഏറെ ബുദ്ധിമുട്ടുന്നു.
കാടും മുൾപ്പടർപ്പും നീക്കി റോഡിന്റ ഇരുവശവും കോൺക്രീറ്റ് ചെയ്ത് ക്രാഷ് ബാരിയറുകളും സൂചനാ ബോർഡുകളും സ്ഥാപിക്കണമെന്ന് പുല്ലാന്നിപ്പാറയിൽ ചേർന്ന പ്രദേശവാസികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഷാജി തിരുന്നെല്ലൂരിന്റ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ അംഗം കുഞ്ഞുമോൾ ജോസഫ്, ജോസി ഇലഞ്ഞിപ്പുറം, മാത്യു തുണ്ടിയിൽ, ഷാജി കണയിങ്കൽ, സിബി കുറ്റിപ്പുറം, റോയി വെള്ളിക്കര, ജോഷി തിരുനെല്ലൂർ, ജോയി കുറ്റിപ്പുറം, തോമസ് കൈയ്പയിൽ, ജോസഫ് ആന്റണി നെടുന്താനം, എം.കെ. ജോസഫ് മേലേമുറിയിൽ, വക്കച്ചൻ കൊല്ലാറ, അപ്പച്ചൻ കണയിങ്കൽ, റിജു കൂട്ടുങ്കൽ, തോമസ് കാവുംമുറി, ബിനോ പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.
റാന്നി: ശബരിമല പാതയിലെ കാടുതെളിക്കല്‍ പാതി വഴിയിലായതായി പരാതി. മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ പാതയിലെ കാടുകളാണ് പേരിന് മാത്രമായത്. അടിക്കാടുകള്‍ മാത്രം യന്ത്രം ഉപയോഗിച്ച് നീക്കി. വലിയകാടുകള് അതുപോലെ നില്‍ക്കുകയാണ്. കാരിഞ്ചയും വട്ടയും മറ്റു ബലമുള്ള ചെടികളും നീക്കാതെ ചുറ്റുമുള്ള അടിക്കാടുകള്‍ മാത്രമാണ് തെളിച്ചുപോകുന്നത്. മുമ്പ് സീസണ് സമയത്ത് എല്ലാ കാടുകളും നീക്കി പാത വൃത്തിയാക്കിയിരുന്നു.
ഇത്തവണ മണ്ഡല കാലം തുടങ്ങിയശേഷമാണ് പണികള്‍ തുടങ്ങിയത്. ഇത്തരത്തില്‍ കാടുകള്‍ നീക്കുന്നതുകൊണ്ട് ആര്‍ക്കും ഗുണമുണ്ടാകില്ല. സീസണ് സമയത്ത് കെ.എസ്.ആര്.ടി.സി ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. പാത ഉന്നത നിലവാരത്തില്‍ നിർമിച്ചതാണെങ്കിലും വശങ്ങള് ഐറിഷ് ജോലികള്‍ ചെയ്യാത്ത നിലയിലാണ്. അതുകൊണ്ട് ടാറിങ്ങിനോടു ചേര്‍ന്നു തന്നെ കാടുകളും വളര്‍ന്ന നിലയിലാണ് പാത. പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.