നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്ന ചുങ്കപ്പാറ ബസ്സ്റ്റാൻഡ്
മല്ലപ്പള്ളി: ചുങ്കപ്പാറ ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പ്രമോദ് നാരായൺ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് ബസ് സ്റ്റാൻഡിൻഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20 മാസം പിന്നിട്ടിട്ടും നവീകരണം എങ്ങുമെത്തിയില്ല.
സ്റ്റാൻഡിൽ പുതിയ കാത്തിരിപ്പു കേന്ദ്രവും പാർക്കിങ് വിപുലപ്പെടുത്താൻ ശോച്യാവസ്ഥയിലായിരുന്ന തറ ഉന്നത നിലവാരത്തിൽ കോൺക്രീറ്റിങ്ങുമായിരുന്നു പദ്ധതി. കോൺക്രീറ്റിങ് ജോലികൾ മാസങ്ങൾകൊണ്ട് പൂർത്തിയാക്കിയിരുന്നു. കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണവും പൂർത്തിയാക്കിയിരുന്നു.
എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ചതെന്ന് വലിയ ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ, നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയതോടെ ബോർഡ് അപ്രത്യക്ഷമായി. ഇപ്പോൾ കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയിൽ വിരിച്ച ടൈലുകൾ ഇളക്കിമാറ്റി.
പുതിയ ടൈലുകൾ വിരിക്കാനാണ് ഇളക്കി മാറ്റിയതെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും അതേപടി തുടരുകയാണ്. ഇപ്പോൾ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ നിർമിച്ച പുതിയ കാത്തിരിപ്പു കേന്ദ്രം യാത്രക്കാർക്ക് ദുരിതമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.