പത്തനംതിട്ട: ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചവരെ നേരിയ ശമനം വന്നെങ്കിലും പിന്നീട് ശക്തിപ്രാപിച്ചു. നദീതീരങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പമ്പാ, മണിമലയാർ തീരങ്ങളിലാണ് കൂടുതൽ നാശനഷ്ടം. അച്ചൻകോവിലാർ അപകട നിലയിലേക്ക് എത്തിയിട്ടില്ല.
ശക്തമായ മഴ തുടർന്നാൽ വലിയദുരിതം വിതക്കും. തുടർച്ചയായ മഴ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യത വർധിപ്പിച്ചു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രളയസമാന സാഹചര്യം നിലനിൽക്കുന്ന അപ്പർകുട്ടനാട്ടിൽനിന്ന് നിരവധി പേരാണ് വീടുകൾ ഉപേക്ഷിച്ച് പോയത്. കോടികളുടെ നാശനഷ്ടമാണ് ഇവിടെയുണ്ടായത്.
അതേസമയം, പമ്പാ നദിയിലെ മാടമൺ, മാലക്കര, മണിമലയാറ്റിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകൾ, അച്ചൻകോവിലാറ്റിലെ തുമ്പമൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമാണെന്ന് കേന്ദ്ര ജല കമീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. അതേസമയം, മണിമലയിലും പമ്പയിലും കഴിഞ്ഞ മണിക്കൂറുകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ലെന്നും ജല കമീഷൻ വ്യക്തമാക്കുന്നു. കക്കി, പമ്പാ അണക്കെട്ടുകളിൽ സംഭരണശേഷിയിൽ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.