കോന്നി: കോന്നി മെഡിക്കല്‍ കോളജില്‍ അഞ്ചു കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ സി.ടി സ്കാന്‍ മെഷീൻ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. കോന്നി മെഡിക്കല്‍ കോളജിനെ എത്രയും വേഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
മൂന്നു കോടി 30 ലക്ഷം രൂപ ചെലവഴിച്ച് ലക്ഷ്യനിലവാരത്തിലുള്ള ലേബര്‍ റൂമിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ബ്ലഡ് ബാങ്കിനായി 85 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഉടന്‍ എത്തും. ബ്ലഡ് ബാങ്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 8.5 ലക്ഷം രൂപയും അനുവദിച്ചു.
പീഡിയാട്രിക് ഐ.സി.യു പണി പൂര്‍ത്തീകരിച്ചു. 200 കിടക്കയുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. നിലവിലെ 300 കിടക്കുള്ള കെട്ടിടമായി ഇതിനെ ബന്ധിപ്പിക്കുമ്പോള്‍ 500 കിടക്കയുള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് മാറും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്.എസ്. നിഷ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എ. ഷാജി, റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി ഡോ. രുമാ മധു ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്കാനറാണ് കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്. സ്കാന്‍ മുറി, പ്രിപറേഷന് മുറി, സി.ടി കണ്‍സോള്‍, റിപ്പോര്‍ട്ടിങ് മുറി, റേഡിയോളജി സ്റ്റോര്‍, യു.പി.എസ് മുറി, ഡോക്ടര്‍മാര്‍ക്കും റേഡിയോഗ്രാഫര്‍മാര്‍ക്കും നഴ്സിങ് ഓഫിസര്‍മാര്‍ക്കുമുള്ള മുറികള്‍ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്. വിവിധരോഗ നിര്‍ണയത്തിന് ആവശ്യമായ ഈ രോഗ നിര്‍ണയ സംവിധാനം ഏതുതരത്തിലുള്ള രോഗികള്‍ക്കും ഉപയോഗിക്കാന്‍ പര്യാപ്തമാണ്. കാര്‍ഡിയാക് സി.ടി, വിവിധ തരത്തിലുള്ള സി.ടി ആന്‍ജിയോഗ്രാം, ഹൈ റസല്യൂഷന്‍ സി.ടി (എച്ച്.ആര്.സി.ടി) എന്നീ രോഗ നിര്‍ണയ സംവിധാനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.