പത്തനംതിട്ട: ജോലിക്ക് ഹാജർവെച്ച ശേഷം ഒരുവിഭാഗം ജീവനക്കാർ സംഘടനാ സമ്മേളനത്തിന് പോയതിനെ ചൊല്ലി വനംവകുപ്പ് ജീവനക്കാർക്കിടയിൽ ചേരിപ്പോര്. വനപാലക സംഘടനയായ കെ.എഫ്.പി.എസ്.എ യുടെ മൈലപ്രയിൽ നടന്ന ജില്ലസമ്മേളനത്തിലാണ് വനപാലകർ ജനറൽ ഡയറിയിൽ ഒപ്പിട്ടശേഷം പങ്കെടുത്തത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അടക്കമുളളവർക്ക് എതിർവിഭാഗം പരാതിനൽകി. അതേസമയം, നടുവത്തുമൂഴി റേഞ്ചിലെ വനപാലകർ സമ്മേളനത്തിൽ പങ്കെടുത്തത് തന്റെ അനുമതിയോടെയാണെന്ന് റേഞ്ച് ഓഫീസർ പറഞ്ഞതും വിവാദമായി. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം.
ഹാജർ ബുക്കിൽ ഒപ്പിട്ടശേഷം കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസറും കുമ്മണ്ണൂർ റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ചറുടെ ചാർജുള്ള ഉദ്യോഗസ്ഥനും സമ്മേളനത്തിൽ പങ്കെടുത്തതായി ആരോപണം ഉണ്ട്. വനത്തിൽ പരിശോധനയ്ക്ക് പോകുന്നതായി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം വിവിധ റേഞ്ചുകളിൽ നിന്ന് വനിതകളടക്കം നൂറോളം വനപാലകരാണ് സമ്മേളനത്തിനായി പോയത്.
സർക്കാർ സർവീസിലുള്ളവരുടെ സംഘടനകൾക്ക് രജിസ്ട്രേഷൻ നൽകുമ്പോൾ ജോലിസമയത്ത് സംഘടനാ പ്രവർത്തനത്തിന് അനുവാദമില്ലെന്ന് രേഖപ്പെടുത്തുന്നുണ്ട്. വനപാലക സംഘടനയ്ക്കും ഇതു ബാധകമായിരിക്കെ ഉന്നത ഉദ്യോഗസ്ഥർ അടക്കം രണ്ടുദിവസത്തെ സമ്മേളനത്തിൽ ഡ്യൂട്ടി സമയത്ത് പങ്കെടുത്തതിനെയാണ് ഒരുവിഭാഗം ചോദ്യം ചെയ്യുന്നത്.
വനപാലകർ ഡ്യൂട്ടിക്കായി ഉപയോഗിച്ച വാഹനം സമ്മേളന സ്ഥലത്ത് എത്തിയതും വിവാദമായി. പോസ്റ്ററുകളും ബാനറുകളുമായാണ് എത്തിയതെന്ന് എതിർവിഭാഗം ആരോപിച്ചു. കോന്നി സ്ട്രൈക്കിംഗ് ഫോഴ്സിന്റെ വാഹനം ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കോഴഞ്ചേരിയിലേക്ക് പോകുംവഴി സമ്മേളനത്തിൽ പങ്കെടുത്തയാളിൽനിന്ന് പണംവാങ്ങാൻ നിർത്തിയതാണെന്നാണ് സംഘടനാ നേതാക്കളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.