പത്തനംതിട്ട: ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമില്ലാതെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ സർക്കാർ നഴ്സിങ് കോളജ് വിദ്യാർഥികൾ പെരുവഴിയിൽ നിൽക്കുമ്പോൾ നിരുത്തരവാദത്തോടെ പെരുമാറി പ്രൈവറ്റ് സെക്രട്ടറി. ആരോഗ്യ മന്ത്രിയുടെ പി.എസ് തട്ടിക്കയറിയെന്ന് രക്ഷിതാക്കള്‍ പരാതി ഉയർത്തി.
കോളജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് മന്ത്രിയെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ പി.എസുമായാണ് സംസാരിക്കാന്‍ കഴിഞ്ഞതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കാതോലിക്കേറ്റ് കോളജ് ജങ്ഷനിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പി.എസ് തട്ടിക്കയറുകയായിരുന്നു. ഭീഷണിയുണ്ടായെന്നും രക്ഷിതാക്കള്‍ പറയുന്നു. പി.ടി.എ മീറ്റിങ് വിളിച്ചപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഏക ആവശ്യം മന്ത്രിയുടെ ഓഫിസിലേക്ക് കുട്ടികള്‍ നടത്തുന്ന മാര്‍ച്ച് ഒഴിവാക്കണമെന്നത് ആയിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍നിന്നുള്‍പ്പെടെയുള്ള രണ്ടു കുട്ടികള്‍ പഠനം അവസാനിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇവർക്ക് പുറത്ത് 6500 രൂപ മുടക്കി ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പഠനം നിര്‍ത്തിയത്. ആ കുട്ടി ഇ-ഗ്രാന്റ് ലഭിക്കേണ്ടതാണ്. പക്ഷേ, കോഴ്സിനും കോളജിനും അംഗീകാരമില്ലാത്തതിനാല്‍ ഇ-ഗ്രാന്റ് അനുവദിക്കാന്‍ കഴിയില്ല.
മെറിറ്റില്‍ അഡ്മിഷന് കിട്ടിയ കുട്ടിക്കാണ് ഈ ഗതികേട്. കുട്ടികൾ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഹോസ്റ്റല്‍ ഫീസ് ഒറ്റയടിക്ക് 1500 രൂപ വര്‍ധിപ്പിച്ചതോടെയാണ് രണ്ടാമത്തെ കുട്ടി പഠനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
കണ്ണൂരുകാരിയായ ഈ കുട്ടിക്ക് വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് കൊടുക്കാനില്ല. കോളജിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാഭ്യാസ വായ്പയും ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
മന്ത്രിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ല. അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലത്ത് കോളജ് തുടങ്ങിയത് മന്ത്രിയുടെ പ്രസ്റ്റീജ് വിഷയമായിരുന്നു. തന്റെ മണ്ഡലത്തില്‍തന്നെ നഴ്സിങ് കോളജ് വരണമെന്ന് മന്ത്രിക്ക് വാശിയുണ്ട്. അഡ്മിഷന് എടുക്കാന്‍ വന്നപ്പോള്‍ കെട്ടിടം സംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നുവെന്നും ആറുമാസത്തിനകം പുതിയ കെട്ടിടത്തില്‍ ക്ലാസ് തുടങ്ങുമെന്നുമാണ് പ്രിന്‍സിപ്പൽ മറുപടി നല്‍കിയിരുന്നത്. കോളജ് മാറ്റാന്‍ മന്ത്രിക്ക് താല്പര്യമില്ലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.