ആറന്മുള: ആറന്മുളയിൽ രുചിയുടെ ഉത്സവത്തിന് ആചാരപരമായി ഇലയിട്ടു. ചരിത്രപ്രസിദ്ധമായ വള്ളസദ്യ ചടങ്ങ് ഞായറാഴ്ച 11.30നാണ് തുടങ്ങിയത്. 72 ദിവസം നീളുന്ന വള്ളസദ്യകളുടെ ആരംഭദിവസത്തിൽ 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്, പി.എസ്.സി അംഗം ജയചന്ദ്രന്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ്, ജില്ല പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില, ദേവസ്വം അസി. കമീഷണര്‍ ആര്. പ്രകാശ്, ക്ഷേത്രം വി. ജയകുമാര്‍, വള്ളസദ്യ കണ്‍വീനര്‍ വി.കെ. ചന്ദ്രന് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
52 പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ക്കും പള്ളിയോട പ്രതിനിധികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ കെ.എസ്. സുനോജില്നിന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്, സെക്രട്ടറി പാർഥസാരഥി ആര്. പിള്ള എന്നിവര്‍ ഏറ്റുവാങ്ങി.
അസി. മാനേജര്‍ ഡി.എല്‍. ധന്യ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പ്രസന്നകുമാരി, ഡോ. ബി. സന്തോഷ്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇലയില്‍ വിളമ്പുന്ന 44 വിഭവങ്ങളും പള്ളിയോടത്തില്‍ എത്തിച്ചേരുന്ന കരനാഥന്മാര് പാടിച്ചോദിക്കുന്ന 20 വിഭവങ്ങളും ചേര്‍ത്ത് 64 വിഭവങ്ങള്‍ ഒരു ഇലയില്‍ വിളമ്പുന്നു എന്ന അപൂര്‍വത ആറന്മുള വള്ളസദ്യയുടെ മാത്രം പ്രത്യേകതയാണ്. വള്ളസദ്യ വഴിപാടുകള്‍ ഒക്ടോബര്‍ രണ്ടുവരെയാണ് നടക്കുന്നത്.
ചിങ്ങത്തിലെ തിരുവോണനാളിലും ഉത്രട്ടാതി നാളിലും വള്ളസദ്യ വഴിപാടുകള്‍ ഉണ്ടാകില്ല. പള്ളിയോട സേവാസംഘം വഴിപാടുകാര്‍ക്ക് നല്കുന്ന പാസ് ലഭിച്ചവര്‍ക്ക് മാത്രമേ സദ്യാലയത്തില്‍ പ്രവേശനം അനുവദിക്കൂ.
അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സര്‍പ്പദോഷ പരിഹാരം എന്നിവക്കാണ് ഭക്തര്‍ ഭഗവാന് വള്ളസദ്യ സമര്‍പ്പിക്കുന്നത്. കുരുക്ഷേത്രഭൂമിയില്‍ എതിര്‍ചേരിയില്‍ നില്ക്കുന്ന ബന്ധുക്കളെക്കണ്ട് വില്ലെടുക്കാനാകാതെ പകച്ചുനിന്ന അര്ജുനന് ഗീതോപദേശം നല്‍കാനായി മനസ്സ് തുറന്ന പാര്‍ഥസാരഥി സങ്കല്പത്തിലാണ് ആറന്മുളയിലെ പ്രതിഷ്ഠ എന്നതിനാലാണ് അഭീഷ്ടകാര്യ സിദ്ധിക്ക് ഭക്തര്‍ വഴിപാട് നേരുന്നത്.
പള്ളിയോടത്തിനും വള്ളസദ്യ വഴിപാടിനും ആചാരങ്ങളും സമാനതകളില്ലാത്തതാണ്. മറ്റ് ചുണ്ടന് വള്ളങ്ങളില്‍ പ്രവേശിക്കുംപോലെ പള്ളിയോടത്തില്‍ കയറാനാകില്ല.
നഗ്നപാദരായി മേല്‍ വസ്ത്രമണിയാതെയാണ് പ്രവേശനം.
ഭഗവാന്റെ കടാക്ഷം നെഞ്ചിലേക്ക് ഏറ്റ് വാങ്ങാനാണ് മേല്‍വസ്ത്രം ഉപേക്ഷിക്കുന്നത്. വഴിപാടിന് തെരഞ്ഞെടുക്കുന്ന കരയില്‍ ചെന്ന് വഴിപാടുകാര്‍ കരനാഥന്മാരെ ക്ഷണിക്കണം. വഴിപാട് ദിവസം ആറന്മുള ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച പൂമാല വാങ്ങി വഴിപാടുകാര്‍ കരയില്കൊണ്ട് നല്കി കരനാഥന്മാരെ അവിടെനിന്ന് പള്ളിയോടത്തില്‍ യാത്രയാക്കണം.
ആറന്മുള ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തിനെ വഴിപാടുകാര്‍ വായ്ക്കുരവയിട്ട് സ്വീകരിച്ചശേഷം വെറ്റില, പുകയില നല്കി ആചാരപൂര്‍വം താലപ്പൊലി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കും.
കരനാഥന്മാര് വഴിപാടുകാര്‍ക്കൊപ്പം വഞ്ചിപ്പാട്ട് പാടി മതിലകത്തേക്ക് പ്രവേശിച്ച് ക്ഷേത്രത്തിന് വലംവെക്കും. തുടർന്ന് ഭക്ഷണം വിളമ്പും.
സദ്യകഴിഞ്ഞ് കരനാഥന്മാര് പ്രാര്‍ഥിച്ചാണ് മടങ്ങുന്നത്. മടങ്ങുമ്പോള്‍ വഴിപാടുകാര്‍, കരനാഥന്മാര്ക്കൊപ്പം ചെന്ന് പള്ളിയോടത്തില്‍ കയറ്റി യാത്രയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.