പത്തനംതിട്ട: റേഷൻ വ്യാപാരികളുടെ വേതന വർധന ഉൾപ്പെടെ പഠിക്കാൻ നിയോഗിച്ച സർക്കാർ സമിതി സംസ്ഥാനത്ത് നാലായിരത്തോളം കടകൾ അടച്ചു പൂട്ടണമെന്ന് ശിപാർശ ചെയ്തത് ജില്ലയിലെ റേഷനിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കും. ശിപാർശ പ്രകാരം ജില്ലയിലെ നൂറോളം റേഷൻകടകൾ പൂട്ടേണ്ടി വരുമെന്ന് വ്യാപാര സംഘടന പ്രതിനിധികൾ പറഞ്ഞു. വിൽപന കുറഞ്ഞ കടകൾ പൂട്ടാനും ബാക്കി കടകൾ നടത്തുന്നവർക്ക് കമീഷൻ വർധിപ്പിക്കാനുമാണ് റേഷനിങ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശം. ഇതു നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയെങ്കിലും വ്യാപാരികൾ ആശങ്കയിലാണ്. കൂടുതൽ കടകൾ പൂട്ടേണ്ടി വരുന്നത് പത്തനംതിട്ടയിലാകുമെന്ന് അവർ പറയുന്നു.
ഒരു കടയിൽ എണ്ണൂറിൽ കുറയാത്ത കാർഡുകൾ ഉണ്ടാകണമെന്നും കുറഞ്ഞത് 45 ക്വിന്റൽ അരി വിറ്റുപോകണമെന്നുമാണ് സമിതിയുടെ ശിപാർശകളിൽ പ്രധാനം. ജില്ലയിലെ ഒരു റേഷൻ കടയിൽ ശരാശരി നാനൂറിൽ താഴെയാണ് കാർഡുകളുടെ എണ്ണം. 25 വർഷം മുമ്പ് തുടങ്ങിയ റേഷൻ കടകളിൽ ഇത്രയും കാർഡ് ഉടമകളാണുള്ളത്. പല പഞ്ചായത്തുകളിലും ഒരുവാർഡിൽ ഒന്നിലധികം റേഷൻ കടകളുണ്ട്. ഇലന്തൂർ പഞ്ചായത്ത് ആറാം വാർഡിൽ നാല് കടകളാണുള്ളത്. ചില വാർഡുകളിൽ റേഷൻ
കടകളില്ല.
ഭൂപ്രകൃതി പ്രത്യേകത
മലയോര മേഖലയിൽ കാർഡ് ഉടമകളുടെ എണ്ണം മാനദണ്ഡമാക്കിയല്ല റേഷൻ കടകളുടെ പ്രവർത്തനം. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് മാനദണ്ഡമാക്കുക. ചില കടകളിൽ മുന്നൂറിൽ താഴെയാണ് കാർഡ് ഉടമകൾ. പുതിയ ശിപാർശ അനുസരിച്ച് ചില കടകൾ പൂട്ടേണ്ടി വന്നാൽ മലയോര ജനത റേഷൻ വാങ്ങാൻ അടുത്ത കടയിലേക്ക് പോകാൻ ദൂരങ്ങൾ താണ്ടണം. കാർഡ് ഉടമകൾക്ക് ഏതു കടകളിൽ നിന്നുവേണമെങ്കിലും റേഷൻ വാങ്ങാമെന്ന വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.