തിരുവല്ല : പത്തനംതിട്ട ജില്ലയുടെ പ്രധാന നെല്ലറയായ അപ്പർ കുട്ടനാടൻ മേഖലയിൽ നെല്ല് സംഭരണം അവതാളത്തിൽ. രണ്ടാഴ്ച മുമ്പ് കൊയ്ത്ത് കഴിഞ്ഞ 160 ഏക്കറോളം വരുന്ന മേപ്രാൽ വടവടി പാടശേഖരത്തിൽ കൊയ്ത്തു കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ടിരിക്കുന്ന 200 ടൺ വരുന്ന നെല്ല് ഇതുവരെയും സംഭരിച്ചിട്ടില്ല.
അഞ്ച് കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് കൊയ്ത്ത് നടത്തിയത്. സിവിൽ സപ്ലൈസിന്റെ സംഭരണത്തിനായി ആദ്യം വന്ന മില്ലുകൾ നെല്ലിൽ പതിരിന്റെ അളവ് കൂടുതലാണെന്ന ന്യായം നിരത്തി മടങ്ങി. പ്രവർത്തന മികവില്ലാത്ത യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുപ്പ് നടത്തിയതിനാലാണ് പതിര് കൂടുതൽ ഉണ്ടായതെന്ന് കർഷകർ പറയുന്നു. കൊയ്യുന്നതിനൊപ്പം ശക്തിയിൽ ഫാൻ പ്രവർത്തിപ്പിച്ച് പതിരിനെ പുറന്തള്ളിയാണ് നെല്ല് മൂടയിൽ എത്തിക്കുന്നത്. ഫാനിന്റെ ശക്തി കുറഞ്ഞാൽ പതിര് കൂടും. വീണ്ടും പതിരു പിടിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു. എന്നാൽ മില്ലുകാർ ആരും ചർച്ചക്ക് പോലും തയ്യാറാവാതെ മടങ്ങുകയായിരുന്നു. ബാങ്ക് വായ്പയെടുത്ത് കൃഷി നടത്തുന്നവരാണ് വടവടി പാട ശേഖരത്തിലെ കർഷകരിൽ ഏറെയും.
കഴിഞ്ഞ ഏതാനും ദിവസമായി പ്രദേശത്ത് ശക്തമായ വേനൽ മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും വേനൽ മഴ തുടർന്നാൽ നെല്ല് പാടെ നശിച്ചു കിളിർക്കുന്ന സാഹചര്യം ഉണ്ടായാൽ കർഷകർക്ക് വൻ തിരിച്ചടിയാകും. വേനൽ മഴ ഇനിയും കനത്താൽ പാടത്ത് നിന്നും നെല്ല് കരയിലേക്ക് എത്തിക്കാൻ യന്ത്രത്തിന് മിനിറ്റിൽ 30 രൂപ വെച്ചെങ്കിലും അധികം നൽകേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാവും വരുത്തി വെക്കുക. അപ്പർ കുട്ടനാടൻ മേഖലയിലെ തന്നെ കോടങ്കേരി, ചാത്തൻകേരി പാട ശേഖരങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. അപ്പർ കുട്ടനാടൻ മേഖലയിലെ വളവനാരി, മനകേറി പാടശേഖരങ്ങളിലെ കൊയ്ത്ത് രണ്ട് ദിവസത്തിനകം പൂർത്തിയാവും. നെല്ല് സംഭരണം വൈകുന്ന സാഹചര്യത്തിൽ ഈ പാടശേഖരങ്ങളിലെയും കർഷകർ കടുത്ത ആശങ്കയിലാണ്.
വേനൽ മഴ ഇനിയും കനത്താൽ പാടത്ത് നിന്നും നെല്ല് കരയിലേക്ക് എത്തിക്കാൻ യന്ത്രത്തിന് മിനിറ്റിൽ 30 രൂപ വെച്ചെങ്കിലും അധികം നൽകേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഇത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാവും വരുത്തി വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.