പന്തളം: കുട്ടികൾക്കൊപ്പം നാട്ടുകാർക്കും പ്രിയങ്കരിയായി മുത്തശ്ശി സ്കൂളിൽ തുടർച്ചയായി 15 വർഷം അധ്യാപികയായ എസ്. ഷീബ ബീഗം. പന്തളം കടയ്ക്കാട് ഗവ. എൽ.പി.എസിലെ ഭൂരിഭാഗം അധ്യാപകരും ഈ നാട്ടുകാർ തന്നെയാണ്. അല്ലെങ്കിൽ നാടുമായി അഭേദ്യമായ ബന്ധമുള്ളവരാണ്. അതുകൊണ്ടുതന്നെ നാട്ടിലെ ഓരോ കുട്ടികളെയും ഇവർക്ക് നന്നായിട്ടറിയാം. ഉന്നത വിദ്യാഭ്യാസം നേടിയ പന്തളത്തെ മിക്ക കുട്ടികളും ഈ സ്കൂളിലെ അധ്യാപകരിൽനിന്ന് അറിവ് നുകർന്നവരാണ്. തൊഴിൽ എന്നതിലുപരി അധ്യാപനത്തെ ഉത്തരവാദിത്തമായി കണ്ട് സേവനം ചെയ്യുന്നവരിൽ എടുത്തുപറയേണ്ട പേരാണ് ഷീബ ടീച്ചറിേൻറതെന്ന് നാട്ടുകാർ പറയുന്നു.
2006ലാണ് ഈ വിദ്യാലയത്തിൽ ഷീബ അധ്യാപികയായി എത്തിയത്. തുടർച്ചയായി 15 കൊല്ലം ഒരേ സ്കൂളിൽ സേവനം ചെയ്യാൻ കഴിഞ്ഞതുകൊണ്ടു തന്നെ കുട്ടികളുമായും രക്ഷാകർത്താക്കളുമായും വളരെ അടുത്ത ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ് കാണുന്നത്. ഏത് കാര്യത്തിനും തെൻറ കുട്ടികൾ മുൻപന്തിയിൽ നിൽക്കണമെന്ന് ടീച്ചർക്ക് വാശിയാണ്. പ്രത്യേകിച്ച് കലോത്സവ വേദികളിൽ. സ്കൂളിൽ നിർമാണപ്രവർത്തനങ്ങൾ നടന്നാൽ അധ്യാപകരുമായി ചേർന്ന് സ്വന്തം പണം മുടക്കി പൂർത്തിയാക്കാൻ ടീച്ചർ കാണിക്കുന്ന ഉത്സാഹവും പ്രശംസ പിടിച്ചുപറ്റി.
കോവിഡ് മഹാമാരി കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസിന് പഠനോപകരണങ്ങൾ ഒരുക്കാനും ടീച്ചറും സഹപ്രവർത്തകരും മുന്നിട്ടിറങ്ങി. ഏത് പ്രവൃത്തിയിലും ഹെഡ്മിസ്ട്രസ് നജീനയും സഹപ്രവർത്തകരും കൂടെയുണ്ടെന്ന് ഷീബ പറയുന്നു. പന്തളം മെഡിക്കൽ മിഷൻ, പുത്തൻവിളയിൽ അൽ ഫലാഹിൽ പന്തളം തെക്കേക്കര വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫിസർ അൻസാരിയുടെ ഭാര്യയാണ് ഷീബ. 110 വർഷം പഴക്കമുള്ള വിദ്യാലയത്തിന് പുതിയൊരു കെട്ടിടം ലഭിക്കാനുള്ള പോരാട്ടത്തിലാണ് അധ്യാപകരിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.