പന്തളം: 70ാം വയസ്സിൽ കന്നിവോട്ട് ചെയ്യുന്നതിന്റെ ത്രില്ലിലാണ് പന്തളം മങ്ങാരം സലാം മൻസിൽ അബ്ദുസലാം. 40 വർഷം നീണ്ട പ്രവാസജീവിതത്തെ തുടർന്നാണ് ഇത്രയും നാളത്തെ സമ്മതിദായക അവകാശം നഷ്ടപ്പെട്ടമായത്. 1975ൽ ആദ്യമായി അബൂദബിയിലേക്ക് യാത്ര തിരിക്കുമ്പോൾ 21 വയസ്സായിരുന്നു വോട്ട് ചെയ്യാനുള്ള പ്രായം. അന്നൊന്നും വോട്ട് ചെയ്യാനും ചെയ്യിപ്പിക്കാനും ഇന്നത്തെപ്പോലെ നിർബന്ധം ഇല്ലാത്തതിനാൽ പ്രായപൂർത്തിയായ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തില്ല.
1993ലാണ് വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ് നിലവിൽ വന്നതെങ്കിലും 2002ൽ അവധിക്ക് വന്നപ്പോഴാണ് വോട്ടർ ഐ.ഡി എടുക്കുന്നത്. എന്നാൽ, വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ട സമയങ്ങളിൽ നാട്ടിൽ ഇല്ലാതിരുന്നതിനാൽ അതിന് കഴിഞ്ഞിരുന്നില്ല. ഇടക്ക് ആഴ്ചകൾ മാത്രം നീളുന്ന അവധി ദിവസങ്ങളിൽ നാട്ടിൽ വരുന്നതിനാൽ പട്ടികയിൽ പേര് ചേർക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ എട്ടുവർഷമായി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അബ്ദുൽസലാം 70ാം വയസ്സിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തുകയാണ് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിൽ. ഇക്കുറി അബ്ദുസലാം തന്നെ മുൻകൈയെടുത്താണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്.
രാഷ്ട്രീയ ചർച്ചകളിൽ പ്രവാസികൾക്കുള്ള ആവേശം നാട്ടിൽ ഇല്ല എന്നാണ് അബ്ദുസലാം പറയുന്നത്. രാജ്യത്തെ വികസനവും നഷ്ടങ്ങളും പോരായ്മകളും എല്ലാം പ്രവാസികളുടെ ഇടയിൽ ചർച്ചയാകാറുണ്ട്. യുവജനങ്ങൾക്ക് നാട്ടിൽ തൊഴിൽ ലഭിച്ചാൽ രാജ്യം വിടേണ്ട ആവശ്യം വരില്ല. അധികാരത്തിൽ കയറുന്നവർ യുവജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് അബ്ദുസ്സലാം പറയുന്നു. പന്തളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അബ്ദുൽസലാം രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.