പത്തനംതിട്ട: മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയിലെ കോന്നി കൂടലിനെ ഞെട്ടിച്ച് 24 മണിക്കൂറിനിടെ രണ്ട് അപകടം. ശനിയാഴ്ച രാവിലെ 6.30നായിരുന്നു ഈ മേഖലയില്‍ ആദ്യഅപകടം നടന്നത്. കാറും പിക്അപ് വാനും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഞായറാഴ്ച പുലര്‍ച്ച നാലോടെയാണ് നാലുപേരുടെ മരണത്തിന് കാരണമായ മറ്റൊരു വലിയ അപകടം നടന്നത്.
ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പുനലൂരിലേക്ക് മടങ്ങുന്ന ആറംഗ സംഘ കുടുംബം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് മടങ്ങിയ നവദമ്പതികൾ അടങ്ങിയ പൂങ്കാവ് മല്ലശ്ശേരി സ്വദേശികൾ അപകടത്തില്‍ ഇതിന് അടുത്താണ് മരിച്ചത്. ശനിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തിയ മകളെയും വിളിച്ചുകൊണ്ട് വന്നവരാണ് അപകടത്തിൽപെട്ടത്. പുനലൂര്‍ കോട്ടവട്ടം സോജി ഭവനില്‍ വര്‍ഗീസ് (60), ഭാര്യ സൂസന് വര്‍ഗീസ്, മകന് സോജന് വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതിരേ ഓവര്‍ടേക് ചെയ്തുവന്ന ശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ ഇരുന്ന സോജന് വര്‍ഗീസ് വാഹനത്തില്‍ കുരുങ്ങിപ്പോയിരുന്നു. കോന്നിയില്‍നിന്ന് അഗ്നിരക്ഷാസേനയും കൂടല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് വാഹനത്തിന്റെ മുന്‍വശം പൊളിച്ചാണ് സോജനെ പുറത്തെടുത്തത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വാഹന വില്പനകേന്ദ്രത്തിലെ ഇരുചക്രവാഹനത്തില്‍ പോയ ജീവനക്കാരന് ലോട്ടറി വില്പനക്കാരനെ ഇടിച്ചുവീഴ്ത്തി. ലോട്ടറിക്കച്ചവടക്കാരനായ പുലിപ്പാറക്കുഴിയില് ശശിക്കാണ് പരിക്കേറ്റത്. കാല്‍നടയായി പോയിരുന്ന ശശിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശി കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്.
കൂടല്‍ മേഖലയിലെ മല്ലശ്ശേരിമുക്ക് അപകടഭീഷണിയിലാണ്. കോന്നിക്കും കുമ്പഴക്കും ഇടക്കാണ് മല്ലശ്ശേരിമുക്ക്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ അശ്രദ്ധകാരണം അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ശബരിമല സീസണ് തുടങ്ങിയശേഷം നിരവധി വാഹനങ്ങളുടെ കൂട്ടിയിടി നടന്നു. കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കുന്നതിനിടെ സ്വകാര്യബസിടിച്ച് അപകടമുണ്ടായി. അതിനുശേഷം ഇവിടെ ഹോം ഗാര്‍ഡിനെ നിയമിച്ചിട്ടുണ്ട്. പൂങ്കാവ്, മല്ലശ്ശേരി റോഡും കോന്നി കുമ്പഴറോഡും ചേരുന്ന ജങ്ഷനാണ് മല്ലശ്ശേരി.
മുല്ലശ്ശേരിമുക്കില് അപകടം തുടര്സംഭവമാകുന്നത് സംബന്ധിച്ച് കോന്നി താലൂക്ക് വികസനസമിതിയില്‍ പലതവണ ആക്ഷേപം ഉന്നയിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പോ മറ്റ് അധികാരികളോ സ്ഥലപരിശോധനക്കുപോലും എത്തിയിട്ടില്ല. ഞായറാഴ്ച അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചതോടെ ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ എത്തുന്നു. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. തെലങ്കാനയില്‍നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പന്തളം: സേഫ് സോൺ പദ്ധതികൊണ്ടും പ്രയോജനമില്ല. എം.സി റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർവരെയുള്ള 100 കിലോമീറ്ററിലാണ് എം.സി റോഡിൽ ആദ്യമായി സേഫ് സോൺ പദ്ധതി നടപ്പാക്കിയത്. അപകടങ്ങൾ കുറക്കുക, സുഗമമായ യാത്ര സാധ്യമാക്കുക എന്നിവയായിരുന്നു ലക്ഷ്യം. കുരമ്പാല, പറന്തൻ, മെഡിക്കൽ മിഷൻ ജങ്ഷൻ, പന്തളം, കുളനട എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ.
കുരമ്പാല പൊട്ടന്റയ്യത്ത് മുക്ക്, പത്തിയിൽപടി, ആലുംമൂട്ടിൽ എന്നിവിടങ്ങളിലും അപകടങ്ങൾ വർധിച്ചു. കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് കൂടുതൽ അപകടങ്ങളും. കുരമ്പാല അമൃത സ്കൂളിന് മുൻവശത്ത് വളവാണ് പ്രധാന വില്ലൻ. വേണ്ടത്ര വീതി ഇല്ലെങ്കിലും അടൂരിൽനിന്ന് വരുന്ന മിക്കവാഹനങ്ങളും ഇവിടെ ഓവർടേക് ചെയ്യാറുണ്ട്. ഈ ദിശയിലെ റോഡ് അൽപം വലതുഭാഗത്തേക്ക് ചാഞ്ഞുകിടക്കുന്നതിനാൽ ഓവർടേക്ക് ചെയ്തു കഴിയുമ്പോൾ ഇടതുഭാഗത്തേക്ക് കയറാൻ സാധിക്കാതെ വരുന്നതായി നാട്ടുകാർ പറയുന്നു. വാഹനങ്ങൾ അമിത വേഗത്തിലാണെങ്കിൽ അപകടം ഉറപ്പാണ്. വളവിലെ ഓവർ ടേക്കിങ്, വരകൾ മറികടക്കൽ, അശ്രദ്ധമായി വാഹനം തിരിക്കൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഡ്രൈവർമാർ ഉറങ്ങി വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട സംഭവങ്ങളുമുണ്ട്.
അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. വേഗം നിരീക്ഷിക്കാൻ കാമറകൾ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധന എന്നിവ ഉണ്ടായിട്ടും അപകടത്തിന് ഒരുകുറവുമില്ല. സംസ്ഥാനപാതയിൽ വാഹനാപകടങ്ങളും മരണവും കൂടുന്നത് സംബന്ധിച്ച് ട്രാൻസ്പോർട്ട് റിസർച് ലബോറട്ടറി (ടി.ആർ.എൽ.) നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിധ്യം അപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി പൊലീസ് സ്റ്റേഷൻതലത്തിൽ വാഹനങ്ങൾ നൽകിയിരുന്നു. പ്രത്യേക പരിശീലനം നൽകിയ പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുകയും ചെയ്തു. പക്ഷേ പ്രയോജനമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.