പന്തളം: സി.പി.എമ്മിന്റെ പന്തളത്തെ മുതിർന്ന നേതാവ് കെ.പി. ചന്ദ്രശേഖരക്കുറുപ്പിന് കണ്ണീരോടെ യാത്രാമൊഴി. ഞായറാഴ്ച വൈകീട്ട് അന്തരിച്ച മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പന്തളം തോന്നല്ലൂർ കൈതക്കാട്ട് വീട്ടിൽ കെ.പി. ചന്ദ്രശേഖരക്കുറുപ്പിന്റെ മൃതദേഹം നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ചൊവ്വാഴ്ച കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച മുതൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരും കെ.പി.സിയെ കാണാൻ കൈതക്കാട്ട് വീട്ടിലേക്ക് ഒഴുകുകയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ മന്ത്രി സജി ചെറിയാൻ, വി.എൻ. വാസവൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. വിജു കൃഷ്ണൻ, എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്, യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻറണി, മുൻ എം.പി അഡ്വ. സി.എസ് സുജാത, മുൻ എം.എൽ.എമാരായ രാജു എബ്രഹാം, കെ.സി. രാജഗോപാൽ, കെ. പത്മകുമാർ, ആർ. ഉണ്ണികൃഷ്ണപിള്ള, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. അനന്തഗോപന്‍, സി.പി.എം ജില്ല സെക്രട്ടറി അംഗങ്ങളായ ടി.ഡി. ബൈജു, ലസിത നായർ, അഡ്വ. ആർ. സനൽകുമാർ, കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിൻ, സജികുമാർ, സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ, ലോക്കൽ സെക്രട്ടറി എസ്. നവാസ് ഖാൻ തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. തുടർന്ന് പന്തളം ജങ്ഷനിൽ അനുശോചന യോഗവും നടന്നു. കെ.പി.സിയുടെ നിര്യാണത്തെ തുടർന്ന് ഉച്ചക്ക് ശേഷം പന്തളത്ത് വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.