പന്തളം നഗരസഭയിൽ സസ്പെൻഡ് ചെയ്ത ബി.ജെ.പി കൗൺസിലിന്റെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം നൽകി. ബി.ജെ.പിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട മുൻ പാർലമെൻറ് പാർട്ടി ലീഡർ കെ. വി പ്രഭയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. പത്തനംതിട്ട നഗരകാര്യയ ജോയിൻ ഡയറക്ടർക്ക് മുമ്പാകെ വെള്ളിയാഴ്ച ഉച്ചയോടു കൂടിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം പന്തളം നഗരസഭയിൽ അ അവിശ്വാസപ്രമേയത്തിന് നീക്കം നടക്കുന്നതായി 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം , അവിശ്വാസ പ്രമേയം നോട്ടീസ് ലഭിച്ച ഏഴു ദിവസത്തിനകം ഇലക്ഷൻ കമ്മീഷൻ നഗരസഭയിലെ കൗൺസിൽ മാർക്ക് രജിസ്റ്റേർഡ് കത്ത് അയയ്ക്കും. തുടർന്നാണ് അവിശ്വാസപ്രമേയ ചർച്ചയും തെരഞ്ഞെടുപ്പും നടക്കുക.

പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാരനായിരുന്നു പന്തളം നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതല ഏൽപ്പിച്ചിരുന്നത്. നിലവിൽ ബി.ജെ.പിയിലെ കൗൺസിലർമാർ ഭരണകക്ഷിയുമായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇവരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 18 കൗൺസിലർമാരുമായി ബി.ജെ.പി പന്തളം നഗരസഭയിൽ അധികാരത്തിൽ എത്തിയത്. ബി.ജെ.പി കൗൺസിൽ കെ വി പ്രഭയെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഇരുന്നതോടെയാണ് ബി.ജെ.പിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്.

ഭരണത്തിന്റെ തുടക്കം മുതൽ കെ വി പ്രഭയും ചെയർപേഴ്സൺ സുശീല സന്തോഷും തമ്മിലുള്ള തർക്കവും പരസ്പരം തെറിവിളിയും സമൂഹമാധ്യമങ്ങളിൽ വരെ വൈറലായിരുന്നു. പാർട്ടിയിലെ ആഭ്യന്തരം പ്രശ്നം പലതവണ സംസ്ഥാന കമ്മിറ്റി മുൻപിലെത്തിയെങ്കിലും ബി.ജെ.പി നേതൃത്വം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. അടുത്തിടെ ബിജെപി കൗൺസിലറും മുൻപാർലമെൻറ് പാർട്ടി ലീഡറുമായ കെ. വി പ്രഭയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സസ്പെൻഡ് ചെയ്തിരുന്നു. കെ വി പ്രഭയുടെ പിന്തുണയോടു കൂടിയാണ് അവിശ്വാസപ്രമേയം നോട്ടീസ് നൽകിയത്.

33 അംഗ പന്തളം നഗരസഭയിൽ ബി.ജെ.പിക്ക് 18, എൽ.ഡി.എഫ് 9, യു.ഡി.എഫ് 5, ഒരു സ്വതന്ത്രൻ, എന്നിങ്ങനെയാണ് കക്ഷിനില, എൽ.ഡി.എഫിലെ 9 കൗൺസിലർമാരും ഒരു സ്വതന്ത്രനും ബി.ജെ.പി പുറത്താക്കിയ കൗൺസിലർ ചേർന്നാണ് അവിശ്വാസ പ്രമേയം നോട്ടീസ് നൽകിയത്.

ബി.ജെ.പി കൗൺസിലർമാരായ രണ്ടുപേരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. കൗൺസിലർമാർ അയോഗ്യതരാക്കപ്പെടും എന്ന ഭീഷണി ഉണ്ടെങ്കിലും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി രണ്ട് കൗൺസിൽമാരുടെ തീരുമാനം. ഇവരാകട്ടെ ബി.ജെ.പി അധികാരത്തിൽ കയറിയ ദിവസം മുതൽ ഭരണസമിതിക്കെതിരെ വിമത സ്വരം ഉയർത്തുന്നവരാണ്.

Tags:    
News Summary - LDF no confidence motion in Pandalam Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.