പന്തളം: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷം പന്തളം നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സി.പി.എം നീക്കം. തെക്കൻ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി എസ്. കൃഷ്ണകുമാറിനാണ് പന്തളം നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതല വഹിക്കുന്നത്.
നിലവിൽ ബി.ജെ.പിയിലെ മൂന്ന് കൗൺസിലർമാർ ഭരണകക്ഷിയുമായി അഭിപ്രായവ്യത്യാസത്തിലാണ്. ഇതിൽ ഒരു കൗൺസിലറെ അച്ചടക്കനടപടിയുടെ ഭാഗമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർലമെൻറ് പാർട്ടി മുൻ ലീഡർ കൂടിയായ കെ.വി. പ്രഭയുടെ മൗനാനുവാദവും അവിശ്വാസപ്രമേയ നീക്കത്തിന് പിന്നിൽ ഉണ്ടെന്നാണ് കരുതുന്നത്. അടുത്തിടെ ബി.ജെ.പി പുറത്താക്കിയ പ്രഭ സി.പി.എമ്മിന്റെ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുകയും ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തിരുന്നു.
33 അംഗ നഗരസഭയിൽ ബി.ജെ.പി 18, എൽ.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് അഞ്ച്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിലെ ഒമ്പത് കൗൺസിലർമാരും ഒരു സ്വതന്ത്രനും ബി.ജെ.പി പുറത്താക്കിയ കൗൺസിലറും ചേർന്ന് അവിശ്വാസ പ്രമേയം നൽകാനാണ് നീക്കം. എൽ.ഡി.എഫ് അവിശ്വാസ പ്രമേയം നൽകിയാൽ പിന്തുണക്കുമെന്നും ഭരണത്തിൽ പങ്കാളിയാകില്ലെന്നും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി അധികാരത്തിൽ കയറിയ ദിവസം മുതൽ പാർട്ടിയിലെ ചില കൗൺസിലർമാർ ഭരണകക്ഷികൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.