പന്തളം: പന്തളവാസനാണ് അയ്യപ്പസ്വാമി. ശരണമന്ത്രങ്ങൾ ഉയർന്ന് വീണ്ടും ഒരു തീർഥാടന കാലത്തിന് തുടക്കംകുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും അയ്യപ്പന്റെ ജന്മനാട്ടിൽ മുന്നൊരുക്കങ്ങളെല്ലാം കടലാസിലാണ്. വികസന പ്രവർത്തനങ്ങളുടെയും സൗകര്യങ്ങളുടെയും സ്ഥിതി പരിശോധിച്ചാൽ അവഗണനയുടെ ആഴം ആർക്കും വ്യക്തമാകും. അയ്യപ്പൻ കളിച്ചുവളർന്ന നാടെന്ന് കീർത്തിയുള്ളതും പന്തളം കൊട്ടാരം കൊണ്ട് ചരിത്രത്തിൽ ഇടംനേടിയതുമായ പന്തളത്തിന് പറയാനുള്ളത് പരാധീനതകളുടെ കഥകൾ മാത്രമാണ്. ശബരിമല തീർഥാടനകാലം തുടങ്ങാൻ ആറുനാൾ മാത്രം ബാക്കിനിൽക്കുമ്പോഴും ഇത്തവണ പന്തളത്ത് മുൻകാലങ്ങളിൽ നടന്നുവന്ന മന്ത്രിതല യോഗംപോലും നടന്നിട്ടില്ല.
തഴേതലത്തിൽ പല ആലോചന യോഗങ്ങളും നടന്നെങ്കിലും തീരുമാനങ്ങളൊന്നും പ്രാവർത്തികമായില്ല. ഈ സാഹചര്യത്തിൽ ഇത്തവണയും തീർഥാടകരെത്തിക്കഴിയുമ്പോൾ പണികളും തുടരുമെന്ന് ഉറപ്പാണ്. എല്ലാം തട്ടിക്കൂട്ടി തലയൂരുന്ന രീതിയാണ് എക്കാലത്തെയും ഇവിടത്തെ പ്രശ്നം. പന്തളത്തെത്തുന്ന തീർഥാടകരെ കാത്തിരിക്കുന്നത് അസൗകര്യങ്ങളുടെ പട്ടിക തന്നെയാണ്.
തീർഥാടകർക്ക് അടിസ്ഥാനസൗകര്യം പോലും നൽകുന്നില്ലെന്നതാണ് പ്രശ്നം. പാർക്കിങ്, കുളിക്കുവാനുള്ള സൗകര്യം, ശൗചാലയം, ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യം ഇത്രയുമായാൽ ധാരാളം. ഇതുപോലും ചെയ്തുകൊടുക്കാൻ കഴിയാതെവന്നാൽ മറുനാട്ടുകാർ എന്തുചെയ്യും. തീർഥാടകർക്ക് സൗകര്യമൊരുക്കാനായി തയാറായ ദേവസ്വം ബോർഡിന്റെ കെട്ടിടം ഇത്തവണ പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. അന്തർ സംസ്ഥാന തീർഥാടകരടക്കം എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുകയാണ്.
പന്തളം നഗരസഭക്ക് പുറമേ പാർക്കിങ്ങിനായി കുളനട പഞ്ചായത്താണ് സ്ഥലം കണ്ടെത്തിയത്. കാടുമൂടിക്കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം വൃത്തിയാക്കണം. ഡി.ടി.പി.സി.യുടെ വിശ്രമകേന്ദ്രവും കാടുമൂടി. ക്ഷേത്ര പുനരുദ്ധാരണം, ശൗചാലയങ്ങളുടെ പണി, അന്നദാനത്തിനുള്ള സൗകര്യം തുടങ്ങിയവയും ബാക്കിയാണ്. വാഹനങ്ങളുടെ പാർക്കിങ് റോഡിലേക്കാകുന്നതോടെ എം.സി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടും.
എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയില്ലാത്തത് ഇവിടുത്തെ പ്രധാന ബുദ്ധിമുട്ടുകളിലൊന്നാണ്. മണ്ഡലകാലത്ത് പനിക്കും ജലദോഷത്തിനുമുള്ള മരുന്നും താൽക്കാലിക ഡിസ്പെൻസറിയും മാത്രമാണ് ആകെയുള്ളത്. രോഗം ഗുരുതരമെങ്കിൽ പത്തനംതിട്ടയിലോ അടൂരിലോ എത്തണം. മന്ത്രി വീണ ജോർജിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 55 ലക്ഷം രൂപ അനുവദിച്ച് കെട്ടിടംപണി പൂർത്തിയാക്കിയെങ്കിലും തുറന്നുകൊടുത്തിട്ടില്ല. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യം മാത്രമേ ഇവിടെയുള്ളൂ.
തീർഥാടകരെ വരവേൽക്കാൻ അസൗകര്യങ്ങൾക്ക് നടുവിലും വലിയകോയിക്കൽ ക്ഷേത്രം ഒരുങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തീർഥാടകരുടെ എണ്ണത്തിൽ വൻവർധന ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ദേവസ്വം ബോർഡും നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും ആവശ്യമായ സൗകര്യം ഒരുക്കുവാനുള്ള തയാറെടുപ്പിലാണ്. ദേവസ്വം ബോർഡും വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയും ചേർന്നുനടത്തുന്ന അന്നദാനവും ഭക്തർക്ക് ആശ്വാസമാകും. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ക്ഷേത്രത്തിൽ എത്തുന്നവർക്ക് കുളിക്കടവ് ഭാഗികമായി തുറന്നുനൽകുന്നുണ്ട്.
സുരക്ഷ ക്രമീകരണങ്ങൾക്കായി പൊലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 4.58 കോടി ചെലവഴിച്ചു നിർമിച്ച പുതിയ തീർഥാടക വിശ്രമകേന്ദ്രം തുറന്നെങ്കിലും പൂർണ രീതിയിൽ യാഥാർഥ്യമായിട്ടില്ല. ഈ കെട്ടിടത്തിന്റെ അടിഭാഗത്താണ് അയ്യപ്പഭക്തന്മാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇവിടെ അച്ചൻകോവിലാറ്റിലെ ജലനിരപ്പ് അനുസരിച്ച് വെള്ളം ഉയരുകയും ചെയ്യും. വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന സ്പോട്ട് ബുക്കിങ് കേന്ദ്രം ശബരിമല ദർശനം തേടുന്നവർക്ക് ആശ്വാസമാക്കും. ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. ദർശനം തേടുന്നവർ നേരിട്ടെത്തണം. ആധാർ കാർഡ്, വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്നിന്റെ പകർപ്പ് വേണം. വിദ്യാർഥികൾക്ക് പഠിക്കുന്ന സ്കൂൾ/കോളജ് ഐ.ഡി കാർഡ് മതിയാകും. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ബുക്കിങ് ആവശ്യമില്ല.
മണ്ഡല മകരവിളക്ക് ആരംഭിക്കുന്ന ദിവസം മുതൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ ഉച്ചക്ക് 12.30, വൈകീട്ട് ഏഴ് എന്നീ സമയങ്ങളിൽ അന്നദാനമുണ്ട്. മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ അന്നദാനം ഉച്ചക്ക് 12നാണ്. ആൽത്തറക്ക് സമീപം അയ്യപ്പസേവാസമാജം വൈകീട്ട് 6.30ന് അന്നദാനം ഒരുക്കുന്നുണ്ട്.
അലോപ്പതി, ആയുർവേദം, ഹോമിയോ വകുപ്പുകളുടെ ഡോക്ടർ അടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാണ്. നഗരസഭയാണ് ഈ സൗകര്യമൊരുക്കിയത്. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തനസജ്ജമായി ഫയർഫോഴ്സ് സംഘവും ക്യാമ്പ് ചെയ്യുന്നു. ശുചീകരണത്തിനായി 13അംഗ വിശുദ്ധിസേനയും പ്രവർത്തിക്കും.
ശബരിമല തീർഥാടകരുടെ സൗകര്യത്തിനായി ദിവസവും വൈകീട്ട് 7.55ന് മണികണ്ഠനാൽത്തറയിൽനിന്ന് കെ.എസ്.ആർ.ടി.സി പത്തനംതിട്ടക്ക് സർവിസ് നടത്താനും തത്ത്വത്തിൽ തീരുമാനമായിട്ടുണ്ട്.
കുളനട കൈപ്പുഴയിലെ ഡി.ടി.പി.സി അമിനിറ്റി സെന്ററിൽ തീർഥാടക വിശ്രമകേന്ദ്രം പ്രവർത്തന സജ്ജമായി. വിരിവെക്കാനുള്ള സൗകര്യവും പാർക്കിങ്ങും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുളനട പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.