പന്തളം: ബി.ജെ.പി ഭരണത്തിലുള്ള പന്തളം നഗരസഭ വാറ്റ്, പ്രളയ സെസ്, സേവന നികുതി എന്നീ ഇനത്തിൽ പിരിച്ചെടുത്ത 19 ലക്ഷം രൂപയോളം സർക്കാറിന് ഒടുക്കാനുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം. ലൈബ്രറി സെസ് ഇനത്തിൽ 15,52,720 രൂപ അടക്കാനുണ്ട്. തുക മൂന്നു മാസത്തിനുള്ളിൽ പ്രതിമാസം രണ്ടു ശതമാനം പലിശ നിരക്കിൽ സംസ്ഥാന ലൈബ്രറി കൗൺസിലിലേക്ക് അടക്കണമെന്ന നിർദേശം ഓഡിറ്റിലുണ്ട്. പിഴയായി അടക്കുന്ന തുക സെക്രട്ടറി, ചെയർപേഴ്സൻ എന്നിവരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി ഈടാക്കണമെന്നും റിപ്പോർട്ടിലുണ്ട്.
പദ്ധതി ഇല്ലാതെ 9.81 ലക്ഷം രൂപ ചെലവാക്കി തെരുവുവിളക്ക് വാങ്ങലും പരിപാലനവും നടത്തിയതായി ഓഡിറ്റിൽ പറയുന്നു. മൂന്നുലക്ഷം രൂപ തെരുവുവിളക്കിന്റെ സാധനങ്ങൾ വാങ്ങാനും 6.81 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയെന്നുമാണ് നഗരസഭ അധികൃതർ നൽകിയ കണക്കുകളിൽ കാണുന്നത്.
എന്നാൽ, ഇതിന്റെ സാധന സാമഗ്രികളുടെ വാങ്ങൽ, വിതരണം, അറ്റകുറ്റപ്പണി കരാർ എന്നിവയിൽ സുതാര്യതയില്ലെന്ന് ഓഡിറ്റ് വിഭാഗം വിലയിരുത്തുന്നു. ചെലവുകളുടെ മോണിറ്ററിങ് നടത്തിയിട്ടില്ലന്ന് ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കണം. 2022-23ൽ 394/396 പദ്ധതി പ്രകാരം പോത്തുകുട്ടികളെ വാങ്ങാൻ 12,90,000 രൂപ വകയിരുത്തി. ഇതിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റിൽ പറയുന്നു. പദ്ധതി നടപ്പാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടും കുറഞ്ഞ തുക കാണിച്ച സ്ഥാപനത്തിന് കരാർ നൽകാതെ നഗരസഭ കൂടുതൽ തുക കാണിച്ച ഫാമിൽനിന്നാണ് പോത്ത് കുട്ടികളെ വാങ്ങിയത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത 11 പേർക്ക് പോത്തുകുട്ടികളെ നൽകിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നഗരസഭ അഴിമതി നടത്തിയെന്ന് തെളിയുകയാണ്.
പന്തളം നഗരസഭയിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേടും വൻ അഴിമതിയും നടന്നതായി വ്യക്തമാക്കുന്ന 2022-23ലെ ഓഡിറ്റ് റിപ്പോർട്ടിൽ നഗരസഭക്ക് ഓഡിറ്റ് കാലയളവിൽ കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും പറയുന്നു. 3.76 കോടി രൂപ വാർധക്യകാല പെൻഷൻ ഇനത്തിൽ വരവ് ചെലവ് ഉള്ളതായി കാണുമ്പോൾ ആവശ്യമായ രേഖകളോ അക്കൗണ്ടിങ്ങോ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവിധ ലേലങ്ങളുടെ നിക്ഷേപ ഇനത്തിൽ ബാധ്യതയായി ഒരുകോടി രൂപ ഉണ്ടെന്ന് കണക്കിൽ പറയുമ്പോൾ ഇതിനും ആവശ്യമായ രേഖകൾ ലഭ്യമല്ലെന്ന് ഓഡിറ്റ് വ്യക്തമാക്കുന്നു. നഗരസഭയിൽ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് വരവ് ചെലവ് കണക്കുകൾ തയാറാക്കുന്നതെങ്കിലും സോഫ്റ്റ് വെയർ പ്രകാരമുള്ള നമ്പർ രേഖപ്പെടുത്താതെ സാമ്പത്തിക വർഷം മുഴുവൻ മാനുവലായി ചെലവ് വൗച്ചറുകളിൽ നമ്പർ രേഖപ്പെടുത്തിയത് സംശയകരമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വസ്തു നികുതി പരിഷ്കരണം നടത്താൻ കാലതാമസം വരുത്തിയതുമൂലം ലക്ഷങ്ങൾ നഗരസഭക്ക് നഷ്ടം വരുത്തിയെന്നും ഓഡിറ്റ് പറയുന്നു. നഗരസഭ കെട്ടിടങ്ങളിലെ വാടക ഇനത്തിൽ അരക്കോടി രൂപയോളം 27 പേരിൽനിന്ന് പിരിഞ്ഞ് കിട്ടാനുണ്ടെന്നും കണ്ടെത്തി. നഗരസഭ പരിധിയിലെ പഴയ കെട്ടിടങ്ങൾക്ക് കൂട്ടിച്ചേർക്കൽ നടത്തുമ്പോൾ രണ്ട് കെട്ടിട നമ്പറിട്ട് പഴയ കെട്ടിടങ്ങളുടെ കണക്ക് മുക്കി പുതിയ കെട്ടിടത്തിന് മാത്രം നികുതി ഈടാക്കുമ്പോളും ക്രമക്കേടാണ് നടത്തിയതെന്ന് ഓഡിറ്റ് വെളിച്ചത്ത് കൊണ്ടുവരുന്നു.
നഗരസഭ പരിധിയിലെ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ മരിച്ചവരെ പെൻഷൻ ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കാത്തതിനാൽ അവരുടെ അക്കൗണ്ടിലേക്ക് പെൻഷൻ വിതരണം നിർബാധം തുടരുകയാണ്. 35 ഗുണഭോക്താക്കൾക്ക് 65 കട്ടിലുകൾ വാങ്ങി ലക്ഷങ്ങൾ പാഴാക്കി. പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ അധികരിച്ച് വാങ്ങി വെട്ടിപ്പ് നടത്തിയതായും ഓഡിറ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.