പന്തളം: പന്തളം നഗരസഭ സെക്രട്ടറിയും സൂപ്രണ്ടും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസം നഗരസഭയുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ പരസ്യമായി. നഗരസഭ സെക്രട്ടറി അനിതകുമാരിയും സൂപ്രണ്ട് ഗിരിജയും തമ്മിലാണ് നഗരസഭയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ഏറ്റുമുട്ടിയത്. നഗരസഭയിൽ ഉദ്യോഗസ്ഥരുടെ ഓഫിസ് മാറ്റത്തെയും സീറ്റു മാറ്റത്തെയും തുടർന്നുണ്ടായ തർക്കം ഇപ്പോൾ ഉച്ചസ്ഥായിലായതോടെയാണ് ബദ്ധവൈര്യം മറനീക്കിയത്.
ഓഫിസ് മാറ്റം സെക്രട്ടറിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണെങ്കിലും അത് ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തു നടത്തേണ്ടതിന് പകരം പെട്ടെന്നൊരു നാൾ വെളിപാടുണ്ടായതുപോലെ പല ഡിപ്പാർട്മെന്റുകളിൽ തരംതിരിച്ചു വെച്ചിരുന്ന ഫയലുകൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കണ്ടിജെൻസി ജീവനക്കാരെകൊണ്ട് മാറ്റി കൂട്ടിയിട്ടിരിക്കുകയാണ്. ഓഫിസ് മാറ്റത്തെ തുടർന്ന് അസി. എൻജിനീയർ നീണ്ട അവധിയിൽ പ്രവേശിച്ചുകഴിഞ്ഞു. നിരവധി പ്രോജക്ടുൾ പൂർത്തീകരിക്കണമെങ്കിൽ അവധിയെടുത്ത അസി. എൻജിനീയറുടെ സാന്നിധ്യം അനിവാര്യമാണ്.
2022-23ലെ പദ്ധതിക്ക് അഡ്വാൻസ് വാങ്ങി പണിപൂർത്തീകരിച്ചവർ പണത്തിന് നെട്ടോട്ടമോടുകയാണ്. പലിശയക്കു പണം വാങ്ങി പണിപൂർത്തീകരിച്ച വ്യക്തിഗത ഗുണഭോക്താക്കളും പണം കിട്ടാതെ വലയുകയാണ്. പദ്ധതി അവസാനിക്കാൻ ആറുമാസം മാത്രം ബാക്കി നിൽക്കെ 2022-23ലെ സ്പിൽ ഓവർ പ്രോജക്ടുകൾപോലും പൂർത്തീകരിക്കാനോ 2023-24ലെ പദ്ധതികൾ തുടങ്ങാനോ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ തമ്മിലടി അങ്ങാടിപ്പാട്ടായതോടെ ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണസമിതിയും നോക്കുകുത്തിയായി. കഴിഞ്ഞ രണ്ടുവർഷത്തെ പദ്ധതികളിൽതന്നെ കോടിക്കണക്കിനു രൂപ ലാപ്സാക്കിയിരിക്കുന്ന നഗരസഭയാണ് പന്തളം. ഇങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെടുകയും ഉദ്യോഗസ്ഥരെപ്പോലും നിയന്ത്രിക്കാൻ കഴിയാത്ത ചെയർപേഴ്സനും രാജിവെച്ചു ജനങ്ങളോടു പ്രതിബദ്ധത കാട്ടണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ, സെക്രട്ടറി കെ.ആർ. രവി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.