പന്തളം: നഗരസഭ കൗൺസിൽ ചട്ടവും നിയമവും പാലിക്കാതെ കൂടുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങൾ. മൂന്ന് പ്രവൃത്തിദിവസങ്ങൾക്കു മുമ്പ് നോട്ടീസ് നൽകി വേണം കൗൺസിൽ ചേരാൻ എന്നാണ് ചട്ടം. ഈ മാസം ഒമ്പതിനാണ് കൗൺസിൽ ചേരാൻ നോട്ടീസ് നൽകിയത്. 11, 12 തീയതികൾ അവധി ദിവസമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കൗൺസിൽ യോഗം നിയമവിരുദ്ധമാണെന്ന് യു.ഡി.എഫ് അംഗങ്ങൾ വാദിച്ചത് വലിയ ബഹളത്തിന് ഇടയാക്കി.
യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ചേംബറിനു മുന്നിലേക്കുവരുകയും ചെയർപേഴ്സൻ കൗൺസിൽ പിരിച്ചുവിട്ട് പുറത്തുപോവുകയുമായിരുന്നു. യു.ഡി.എഫ് അംഗങ്ങൾ നഗരസഭ കവാടത്തിൽ ധർണ നടത്തി.
1995ലെ നഗരസഭ 17/4 ഇ ചട്ടപ്രകാരം കൗൺസിൽ പിരിച്ചുവിടാൻ മുനിസിപ്പൽ സെക്രട്ടറി ഗവ. സെക്രട്ടറിക്ക് പരാതി നൽകിയ സാഹചര്യത്തിലും സെക്ഷൻ 271കെ പ്രകാരം ഗവ. സെക്രട്ടറി മുഖേന ഓംബുഡ്സ്മാനിൽ പരാതി നൽകിയിരിക്കുമ്പോൾ കൗൺസിൽ കൂടാൻ നിയമപരമായി അവകാശമില്ല. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രതിഷേധം. നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. പാർലമെൻററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ കെ.ആർ. രവി, പന്തളം മഹേഷ്, രത്നമണി സുരേന്ദ്രൻ, സുനിത വേണു, യു.ഡി.എഫ് നേതാക്കളായ എ. നൗഷാദ് റാവുത്തർ, സി.എ. അബ്ദുൽ വാഹിദ്, വേണുകുമാരൻ നായർ, കെ.എൻ. രാജൻ, അഭിജിത് മുകിടയിൽ, ഗീവർഗീസ് എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ കൗൺസിൽ നിയമവിരുദ്ധം –എൽ.ഡി.എഫ്
പന്തളം: നിയമവിരുദ്ധമായാണ് മുനിസിപ്പൽ കൗൺസിൽ യോഗം വിളിച്ചതെന്നും ഇത് അപമാനകരമാണെന്നും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞു. സാമ്പത്തികവർഷം അവസാനിക്കുന്നതിനുമ്പ് ബജറ്റ് പാസ്സാക്കാതെ ധനവിനിയോഗം നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തെ പിരിച്ചുവിടണമെന്ന മുനിസിപ്പൽ സെക്രട്ടറിയുടെ ശിപാർശയെ എൽ.ഡി.എഫ് പിന്തുണക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെയല്ല, ജനവിരുദ്ധമായ അഴിമതി നിറഞ്ഞ ഭരണ സംവിധാനത്തിനെതിരെയാണ് ഇടതുപക്ഷം എതിർപ്പറിയിക്കുന്നത്.
എൽ.ഡി.എഫ് സമരത്തിന് സി.പി.എം ആക്ടിങ് ഏരിയ സെക്രട്ടറി ജ്യോതികുമാർ നേതൃത്വം നൽകി. പാർലമെൻററി പാർട്ടി ലീഡർ ലസിത നായർ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.പി. രാജേശ്വരൻ, ഇ. ഫസൽ, എച്ച്. നവാസ്ഖാൻ, കൗൺസിലർമാരായ രാജേഷ്കുമാർ, ഷെഫിൻ റെജീബ് ഖാൻ, എച്ച്. സക്കീർ, ടി.കെ. സതി, അംബിക രാജേഷ്, അജിതകുമാരി, ശോഭനകുമാരി, അരുൺ എന്നിവർ പങ്കെടുത്തു. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ഏരിയ സെക്രട്ടറി എസ്. കൃഷ്ണകുമാർ, അബ്ദു എന്നിവർ സംസാരിച്ചു.
ഭരണസമിതി പിരിച്ചുവിടുംവരെ പ്രക്ഷോഭം
പന്തളം: വ്യാജ ബജറ്റ് അവതരിപ്പിച്ച പന്തളം നഗരസഭയുടെ ഭരണസമിതിയെ പിരിച്ചുവിടുംവരെ പ്രക്ഷോഭം തുടരുമെന്ന് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻറ് അൻസാരി ഏനാത്ത് പറഞ്ഞു. എസ്.ഡിപി.ഐ മുനിസിപ്പൽ കമ്മിറ്റിയുടെ പന്തളം നഗരസഭ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡൻറ് മുജീബ് ചേരിക്കൽ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.