പത്തനംതിട്ട: നഗരത്തിലെ റോഡ് ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സമരപരിപാടികൾ കനക്കുന്നു. പ്രധാന റോഡുകൾ മുഴുവൻ തകർന്ന് യാത്ര ദുസ്സഹമായതോടെയാണ് നാട്ടുകാർ സമരങ്ങൾക്ക് നിർബന്ധിതരായത്. കഴിഞ്ഞ ദിവസം പത്തനംതിട്ട -കുമ്പഴ റോഡ് ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ സെൻട്രൽ ജങ്ഷനിൽ സമരം നടത്തി. തിങ്കളാഴ്ച വെട്ടിപ്രം റോഡ് ശോച്യാവസ്ഥക്കെതിരായ സമരമാണ്. റോഡ് ശോച്യാവസ്ഥക്കും കരാറുകാരന്റെ അനാസ്ഥക്കുമെതിരായാണ് ജനകീയ സമരത്തിന് ജനം ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് മേലെവെട്ടിപ്പുറത്തുനിന്ന് പത്തനംതിട്ട ടൗണിലേക്കാണ് പ്രതിഷേധം.
2022 ആഗസ്റ്റിൽ ആരംഭിച്ച പത്തനംതിട്ട വെട്ടിപ്രം, കടമ്മനിട്ട, അയിരൂർ റോഡിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. കെ.എസ്.ടി.പി നിർമിക്കുന്ന ഈ റോഡിൽ ചില റീച്ചുകളിൽ പണി നടക്കുന്നുണ്ട്. ടൗണിനോടടുത്ത് വരുന്ന ഭാഗങ്ങളിൽ നിർമാണം നിലച്ചു കിടക്കുകയാണ്. പത്തനംതിട്ട മസ്ജിദ് ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡിൽ പൈപ്പിടാൻ കുഴിയെടുത്തതുപോലും നന്നായി മണ്ണിട്ട് ഉറപ്പിക്കാതെ കിടക്കുന്നു. പ്രസ് ക്ലബിന് സമീപം റോഡ് പാടെ തകർന്ന് കിടക്കയാണ്. മഴക്കാലത്ത് സഞ്ചരിക്കാനേ കഴിയില്ല. കടമ്മനിട്ട റോഡിൽ വൈദ്യുതി ഓഫിസിന് സമീപം നിർമിക്കുന്ന കലുങ്കിന്റെ പണി പൂർത്തിയായെങ്കിലും ഇരുവശവും റോഡ് മണ്ണിട്ടു ഉയർത്തിയിട്ടില്ല. വെട്ടിപ്രം വരെ പലഭാഗത്തും കുഴികൾ രൂപപ്പെട്ട് തകർന്ന നിലയിലാണ്. മേലേ വെട്ടിപ്രം എൽ.പി സ്കൂളിനു സമീപം മുതൽ ഇതാണ് സ്ഥിതി.
കുണ്ടും കുഴിയും കാരണം രാത്രി വാഹനങ്ങളിൽ പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്. നഗരത്തിലെ റോഡ് ശോച്യാവസ്ഥക്കെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പെരുകുകയാണ്. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. നഗരത്തിലെ റോഡുകൾ ഇത്രയും മോശമായ ഒരു കാലം ഇതിനു മുമ്പുണ്ടായിട്ടില്ലന്നാണ് നാട്ടുകാർ പറയുന്നത്. പുതിയ പൈപ്പിടലും റോഡ് തകർച്ചക്ക് കാരണമായിട്ടുണ്ട്. റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. മഴ സമയത്ത് ചളിവെള്ളം കടക്കുള്ളിലേക്ക് തെറിച്ച് നഷ്ടം സംഭവിക്കുന്നു. കടകളിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ പോലും കഴിയുന്നില്ല.
പന്തളം: നഗരത്തിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളും കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. ഇതുമൂലം വാഹന യാത്രക്കാരും കാൽനടക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇടവിട്ടുള്ള മഴയും പതിവായതോടെ തകർന്ന റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും പതിവായി. വർഷങ്ങളായി പണി നടക്കുകയും എന്നാൽ, പൂർത്തിയാകാത്തതുമായ റോഡും ഈ കൂട്ടത്തിലുണ്ട്.
പന്തളം മണികണ്ഠൻ ആൽത്തറ റോഡിൽനിന്ന് മഹാദേവ ക്ഷേത്രത്തിലേക്കുള്ള റോഡിൽ വെള്ളക്കെട്ടും കുഴിയുമെല്ലാമായി നടക്കാൻപോലും തീരെ സ്ഥലമില്ലാത്ത അവസ്ഥയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള ഇവിടെ എത്രയും പെട്ടെന്ന് അറ്റക്കുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാണ്.കുളംകണക്കെയാണ് പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിൽനിന്ന് പൂഴിക്കാട്ടിലേക്കുള്ള റോഡ്. ചെറിയൊരു മഴയിൽപോലും ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. വാഹനത്തിരക്കുള്ള യാത്ര ദുഷ്കരമായി മാറി.
കഴിഞ്ഞ രണ്ട് വർഷമായി പണി നടക്കുന്നെന്ന് പറയപ്പെടുന്ന ആനയടി-കൂടൽ റോഡ് കടന്നുപോകുന്ന കുരമ്പാല മുതൽ പെരുമ്പുളിക്കൽ വരെ കാലങ്ങളായി തകർന്നു കിടക്കുന്നു. ഈ റോഡിലൂടെയുള്ള യാത്രയും ഏറെ ദുഷ്കരമാണ്. ഓടയുടെ നിർമാണം അല്ലാതെ മറ്റു പ്രവൃത്തി മുന്നോട്ടുപോയിട്ടില്ല. കുഴികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ചില ഭാഗങ്ങളിൽ നടത്തംപോലും ബുദ്ധിമുട്ടായി. ഇവിടെ ഉണ്ടായിരുന്ന റോഡ് പൂർണമായും പൊളിച്ചു.
പൊളിച്ച റോഡിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും കുഴികൾ അടക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്തത് അപകടങ്ങൾ പതിവാകാൻ കാരണമാകുന്നു. വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ തൊട്ടുപിന്നാലെ എത്തുന്ന വലിയ വാഹനങ്ങൾ മുന്നിലെ ചെറിയ വാഹനങ്ങളിൽ ഇടിക്കുകയാണ്. അപകടത്തിൽ ഒട്ടേറെ പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇടിച്ച വാഹനങ്ങൾ നിർത്താതെ പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അടിയന്തരമായി റോഡിൽ അറ്റകുറ്റപ്പണി നടത്തി കുഴികൾ അടക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.