പന്തളം: മുൻ കലക്ടർ പൂട്ടിയ ലോഡ്ജ് പിന്നീട് ഉടമ തുറന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പൊലീസും പന്തളം നഗരസഭ അധികൃതരും സ്ഥലത്തെത്തി.
നടപടി സ്വീകരിക്കാമെന്ന നഗരസഭയുടെ ഉറപ്പിലാണ് നാട്ടുകാർ പിരിഞ്ഞുപോയത്. പന്തളം കടക്കാട് തെക്ക് പടിപ്പുര തുണ്ട് മുസ്ലിം പള്ളിക്ക് മുന്നിൽ പ്രവർത്തിക്കുന്ന നൗഷാദിന്റെ ഉടമസ്ഥതയിലെ സഫാ ഹൗസ് ലോഡ്ജാണ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി മുൻ ജില്ല കലക്ടർ അടച്ചുപൂട്ടിയത്.
പിന്നീട് ലോഡ്ജ് തുറന്നു പ്രവർത്തിക്കുകയും തൊഴിലാളികളെ താമസിപ്പിച്ചുവരികയുമായിരുന്നു. ഇരുനില കെട്ടിടത്തിൽ മുപ്പതോളം മുറികളിൽ 200ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇവർ കൂട്ടത്തോടെ താമസിക്കുന്നത് സമീപവാസികൾക്ക് പലവിധ ബുദ്ധിമുട്ടുണ്ടാക്കുന്നതായി സൂചിപ്പിച്ച് പരിസരവാസികൾ ഇപ്പോഴത്തെ കലക്ടർ, നഗരസഭ അധികൃതർ, മാലിന്യ സംസ്കരണ വിഭാഗം മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. പരിസരവാസികളുടെ കിണറുകളിൽ മലിനജലം വ്യാപിച്ചതോടെ പലർക്കും വെള്ളം ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. പരിസരത്താകെ മാലിന്യ കൂമ്പാരവുമാണ്. നാട്ടുകാർ ഇതിനെതിരെ സംഘടിച്ച് കഴിഞ്ഞ ബുധനാഴ്ച ലോഡ്ജിെന്റ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്നതാണെന്ന് നഗരസഭ കണ്ടെത്തിയത്.
പ്രതിഷേധം രൂക്ഷമായതോടെ പന്തളം പൊലീസും നഗരസഭ അധികാരികളും സ്ഥലത്തെത്തി. ഉടൻ നടപടി എടുക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധക്കാർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.