പന്തളം: പന്തളം ടൗണിൽ ഗതാഗതകുരുക്കു പതിവായിട്ടും പൊലീസോ നഗരസഭാ അധികൃതരോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തിങ്കളാഴ്ച സ്കൂളുകൾ കൂടി തുറന്നതോടെ ടൗണിലെ ഗതാഗതം കുടുതൽ കുരുക്കായി. ടൗണിൽ എം.സി റോഡിൽ തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രം മുതൽ മെഡിക്കൽ മിഷൻ ജംഗ്ഷൻ വരെ മണിക്കൂറോളം ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണ്.
വി.ഐ.പികളും ആംബുലൻസ് വാഹനങ്ങളും ചീറിപ്പാഞ്ഞ് പോകുമ്പോഴും സാധാരണക്കാരുടെ വാഹനങ്ങൾ മണിക്കൂറുകൾ എടുത്താണ് ടൗൺ കടക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതേ സ്ഥിതിയാണ് തുടരുന്നത്. ട്രാഫിക് നിയന്ത്രിക്കുന്നത് ഹോം ഗാർഡുകളാണ്. അനധികൃത വാഹന പാർക്കിങ്ങും വഴിയോര കച്ചവട കേന്ദ്രങ്ങളും അനധികൃത ഓട്ടോറിക്ഷാ സ്റ്റാൻഡും മറ്റുമാണ് ടൗണിലെ പ്രധാന പ്രശ്നം.
ഹോം ഗാർഡുകളെയോ പൊലീസിനെയോ നിയോഗിച്ചു ഗതാഗതം നിയന്ത്രിക്കാനും ഒരു നടപടിയുമില്ല. ഗതാഗതം ഫലപ്രദമായ രീതിയിൽ തിരിച്ചുവിടുന്നതിനുള്ള നടപടികളെക്കുറിച്ചും ബന്ധപ്പെട്ടവർ ആലോചിക്കുന്നില്ല. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി കടന്ന് മെയിൻ റോഡിൽ ഇറങ്ങുമ്പോഴാണ് വീണ്ടും കുരുക്ക് ഉണ്ടാകുന്നത്.
തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ സ്റ്റാൻഡിൽ കയറുന്നതും ഇറങ്ങുന്നതും കുരുക്കിന് പ്രധാനകാരണമാണ്. ഈ ഭാഗത്തേക്ക് പൊലീസ് തിരിഞ്ഞു നോക്കാറില്ല. പന്തളം എൻഎസ്എസ് കോളജ് ജംഗ്ഷനിൽ ഫ്ലൈഓവറിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
സ്കൂളുകൾ കൂടി തുറന്ന സാഹചര്യത്തിൽ ടൗണിലെ അപകടരഹിതവും സുഗമവുമായ ഗതാഗതത്തിന് ആവശ്യമായ നടപടികൾ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നഗരസഭയുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.