പന്തളം: വീണ്ടും ഭീതിയിലാഴ്ത്തി തെരുവുനായ്ക്കൾ തെരുവുകളിൽ വിഹരിക്കുന്നു. കുരമ്പാല, ചുഴിക്കാട്, കടയ്ക്കാട് എന്നിവിടങ്ങളിൽ തെരുവുനാക്കളുടെ വിളയാട്ടം രൂക്ഷമാണ്. പിന്നാലെ പായുന്ന നായുടെ അക്രമത്തിൽ നിന്നും രക്ഷനേടാൻ വെട്ടിക്കുന്നതിനിടെ പലപ്പോഴും ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായി.
പന്തളം ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സജ്ജമാക്കിയ എ.ബി.സി പദ്ധതി (അനിമൽ ബർത്ത് കൺട്രോൾ) ഇതുവരെ കാര്യക്ഷമായിട്ടില്ല. പദ്ധതി ജില്ലയിൽ നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്പ്രകാരം കേരളത്തിൽ ഏറ്റവും തെരുവുനായ്ക്കളുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട.
ഒരു സ്ഥലത്ത് ഓരോന്ന് വീതം ആൺ നായും പെൺ നായും ഉണ്ടെങ്കിൽ ആറ് വർഷം കൊണ്ട് ആ പ്രദേശത്തെ നായ്ക്കളുടെ എണ്ണം 33,000 വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ കണക്ക്. ചില തദ്ദേശ സ്ഥാപനങ്ങളിൽ എബിസി സെന്റർ ഒരുക്കിയിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ പ്രവർത്തനം നിലച്ചു.
പത്തനംതിട്ട: ജില്ല പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിനെറയും നേതൃത്വത്തിൽ ജില്ലയിൽ സ്ഥാപിക്കുന്ന എ.ബി.സി കേന്ദ്രം കടപ്ര പുളിക്കീഴിൽ നിർമാണം ആരംഭിക്കുന്നു. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരുവുനായ്ക്കളെ വന്ധികരിക്കാനും മൃഗങ്ങൾക്ക് സർജറി നടത്താനും കഴിയുന്ന ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉണ്ടാകും. പുളിക്കീഴ് മൃഗാശുപത്രിക്ക് സമീപം ജില്ല പഞ്ചായത്തിന് സർക്കാർ അനുവദിച്ച 40 സെൻറ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്.
നായ്ക്കളെ പിടികൂടാൻ 18 ഡോഗ് ക്യാച്ചർമാരെ ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ പരിശീലിപ്പിച്ചിട്ടുണ്ട്. വീണ്ടും 50 പേർക്ക് കൂടി പരിശീലനം നൽകും. അവർക്ക് ആവശ്യമായ ഉപകരണങ്ങളും യൂണിഫോമും നൽകും. 23ന് വൈകിട്ട് മൂന്നിന് പുളിക്കീഴ് മൃഗാശുപത്രിക്ക് സമീപം കെട്ടിട നിർമാണ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ, ആന്റോ ആന്റണി എം.പി, കലക്ടർ എ. ഷിബു തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ രാജി പി. രാജപ്പൻ, ജോർജ്ജ് എബ്രഹാം, ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. അനന്തകൃഷ്ണൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.