പന്തളം നഗരപ്രദേശത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ
പന്തളം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെപ്പേർക്ക് തെരുവുനായ്ക്കളുടെ കടി ഏൽക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ശല്യം ഇല്ലാതാക്കാനോ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനോ നടപടിയില്ല. ഒന്നര വർഷം മുമ്പ് നഗരസഭയിലെ നൂറുകണക്കിന് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയത് മാത്രമാണ് ഈ ദിശയിൽ വിജയകരമായി നടത്തിയ ഏക പദ്ധതി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പന്തളത്തും പരിസരങ്ങളിലുമായി നൂറിലധികം പേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ വയോധികരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു. വന്ധ്യംകരണ പദ്ധതി സജീവമാക്കിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ.
മൃഗക്ഷേമ ബോർഡ് മുന്നോട്ടുവെക്കുന്ന കടുത്ത വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തതിന് കാരണമായി അധികൃതർ പറയുന്നത്. പന്തളം ടൗണിൽ തെരുവുനായ് ശല്യം കാരണം ജനം ഭയപ്പാടിലാണ്. ഇതിനിടെ വന്ധ്യംകരണ പദ്ധതി പുനഃരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന് മൃഗാശുപത്രി അധികൃതർ കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കുന്നതിനിടെ നായ് സ്നേഹികൾ നിയമപരമായും അല്ലാതെയും എതിർപ്പുമായി വന്നതോടെയാണ് പദ്ധതി നിലച്ചത്. ശീതീകരിച്ച മുറികളിൽ വേണം വന്ധ്യംകരണം നടത്തേണ്ടത് എന്നതടക്കമുള്ള നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് അവർ ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.