പന്തളം: വേനൽ ചൂടേറിയതോടെ തുടർച്ചയായുണ്ടാകുന്ന തീപിടിത്തത്തിന്റെ ആശങ്കയിൽ നാട്. വേനലിൽ വീടിന്റെ പരിസരവും കിണറും വൃത്തിയാക്കുക പതിവാണ്. ഉണങ്ങിക്കിടക്കുന്ന ചപ്പുചവറുകളിൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന ഒരു സിഗരറ്റ് കുറ്റിയോ, മറ്റ് ഏതെങ്കിലും തരത്തിലുള്ള തീപ്പൊരിയോ കാരണം വലിയ തീപിടിത്തത്തിന് വരെ കാരണമാകുന്നു.
അലക്ഷ്യമായി വലിച്ചെറിയുന്ന തീയിൽ പാടശേഖരങ്ങളിൽ തിപിടിത്തം പതിവാണ്. സിഗരറ്റ് കുറ്റികളിൽ നിന്നുള്ള തീയാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. പറന്തലിലെ മലയിൽ രണ്ടുമാസം മുമ്പ് വൻ തീപിടിത്തമുണ്ടായി.
വീടിനോട് ചേർന്നുള്ള പറമ്പുകൾ വൃത്തിയാക്കി സൂക്ഷിക്കുന്നതു വഴി ഒരുപരിധി വരെ തീപിടിത്ത സാധ്യത ഒഴിവാക്കാം. ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള സാധനങ്ങളായ സിഗരറ്റ് ലാമ്പുകൾ, പെയിന്റ് പാട്ടകൾ, സ്പ്രേ കുപ്പികൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങിയവ അതിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ആവശ്യത്തിന് വെള്ളം മുൻകരുതലായി സൂക്ഷിക്കുന്നത് നല്ലതാണ്. വീടിന് സമീപത്തുള്ള കുറ്റിക്കാടുകൾ, അടിക്കാടുകൾ എന്നിവ കത്തിക്കാതിരിക്കുക, ഇവ ചെത്തി വൃത്തിയാക്കി വീടും പരിസരവും തമ്മിൽ കുറഞ്ഞത് അഞ്ച് മീറ്റർ അകലം ഇടുക. കാട്ടുതീ, പറമ്പുകളിൽ ഉണ്ടാകുന്ന തീ എന്നിവ സ്വയം ഉണ്ടാക്കുന്നതല്ല മറിച്ച് സാമൂഹികവിരുദ്ധർ ചെയ്യുന്നതാണ്. ഇത്തരം പ്രവൃത്തികൾ നിരുത്സാഹപ്പെടുത്തുകയോ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്യുക. ഇലക്ട്രിക് വാഹനങ്ങൾ വെയിലത്ത് അധികനേരം പാർക്ക് ചെയ്യുകയോ ചാർജ് ചെയ്യുകയോ ചെയ്യാതിരിക്കുക.
വേനൽ കടുക്കുകയാണ്. തീപിടിത്തം നാടെങ്ങും വർധിക്കുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടിയന്തരമായി ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ചുവടെ ചേർക്കുന്നു.
1. ചൂടുകൂടിയ നേരങ്ങളിൽ വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പരമാവധി ഒഴിവാക്കുക. ഒഴിച്ച് കൂടാനാവാത്ത സാഹചര്യങ്ങളിൽ കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക.
2. ചപ്പുചവറുകൾ കത്തിച്ചു കളയുന്നത് അനിവാര്യമാകുന്ന പക്ഷം ചൂട് കുറഞ്ഞ നേരങ്ങളിൽ അൽപം വെള്ളം കൂടി സമീപത്ത് കരുതിവച്ച ശേഷം മുതിർന്ന ആളുകൾ മാത്രം അത് ചെയ്യുക.
3. ശക്തമായ കാറ്റുള്ള സമയത്ത് തീയിടാൻ പാടില്ല. തീ കാറ്റിൽ പടർന്ന് വലിയ അഗ്നിബാധതയായി മാറാൻ സാധ്യതയുണ്ട്.
4. തീയിടുന്ന സാഹചര്യങ്ങളിൽ അത് പൂർണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്ന് മാറാൻ പാടുള്ളൂ.
5. തീ വ്യാപിക്കാതെ ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക.
6. തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വെച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക.
7. രാത്രികാലങ്ങളിൽ ഒരു കാരണവശാലും തീ ഇടാതിരിക്കുക.
8. വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
9. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുമ്പുതന്നെ വെട്ടി വൃത്തിയാക്കി തീ പടരാനുള്ള സാഹചര്യം ഒഴിവാക്കുക.
10. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
11. സിഗരറ്റ് കുട്ടികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
12. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിതസ്ഥാനത്തേക്ക് മാറുക. സഹായം ആവശ്യമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.
13. ശാരീരികക്ഷമതയും പ്രാപ്തിയും ഉള്ളവർ സമീപത്തുണ്ടെങ്കിൽ സ്വയരക്ഷ ഉറപ്പ് വരുത്തിയ ശേഷം മാത്രം കഴിയുമെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീകെടുത്താൻ ശ്രമിക്കുക..
14. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ/നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുള്ള സാധ്യത കൂടുതലായതിനാൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേക ജാഗ്രത പാലിക്കുക.
15. മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിലുള്ള എല്ലാവരും ഫയർഫോഴ്സിന്റെ എമർജൻസി നമ്പറായ 101 ഓർത്തിരിക്കുക.
16. ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി പറഞ്ഞു കൊടുക്കുക.
വിനോദ് കുമാർ വി., സ്റ്റേഷൻ ഓഫിസർ,അഗ്നിരക്ഷാ നിലയം, അടൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.