പന്തളം: എൻ.എസ്.എസ് കോളജിൽ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്ത് കടന്നുവന്ന എൻ.ജി. സുരേന്ദ്രന് എല്ലാമെല്ലാം പന്തളമായിരുന്നു. പ്രദേശത്തിന് പുറത്ത് പല സ്ഥാനങ്ങളും പാർട്ടി അദ്ദേഹത്തിന് നൽകിയെങ്കിലും പന്തളം വിട്ടൊരു രാഷ്ട്രീയത്തിന് സുരേന്ദ്രൻ തയാറായിരുന്നില്ല. 1986ൽ പന്തളം പഞ്ചായത്ത് അംഗമായ എൻ.ജി. സുരേന്ദ്രൻ പിന്നീട് നേരിട്ട് എല്ലാ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കുകയായിരുന്നു.
ജില്ല പഞ്ചായത്ത് അംഗമായി രണ്ടുതവണ പന്തളത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പന്തളം പഞ്ചായത്ത് പ്രസിഡന്റായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ച അദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ഒരാളുകൂടിയായിരുന്നു. പലതവണ പഞ്ചായത്തംഗം, പ്രസിഡന്റ് എന്നീ നിലകളിൽ തെരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എയോ സംസ്ഥാന ഭാരവാഹിയോ ഒക്കെ ആകാൻ അർഹതയുണ്ടായിട്ടും സ്വന്തം പന്തളമാണ് വലുതെന്ന് വിശ്വസിച്ചു അദ്ദേഹം. ഒപ്പം വന്നവരും പിറകെ വന്നവരും ഒരുപാട് കാലം കഴിഞ്ഞുവന്നവരും സംസ്ഥാന, ജില്ല ഭാരവാഹികളായി. ഇതര പ്രസ്ഥാനങ്ങളുടെ നേതാക്കളുമായും പ്രവർത്തകരുമായും നല്ല ആത്മബന്ധം സൂക്ഷിച്ച ആളായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വളർന്ന് കോൺഗ്രസിന്റെ പ്രാദേശികതലം മുതൽ കെ.പി.സി.സി അംഗം വരെയെത്തിയ സുരേന്ദ്രന് ഉമ്മൻ ചാണ്ടിയെന്ന നേതാവ് എന്നും വഴികാട്ടിയായിരുന്നു. പന്തളം വഴിയുള്ള യാത്രയിൽ കൊടിവെച്ച കാർ തോന്നല്ലൂരിലെ നന്ത്യാട്ടുവിളയിൽ വീട്ടിലേക്ക് പോകുന്ന കാഴ്ച സാധാരണമായിരുന്നു. മുൻ മന്ത്രി പന്തളം സുധാകരനോടൊപ്പം കെ.എസ്.യു രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. സഹോദരൻ നഷ്ടപ്പെട്ട വേദനയോടെയാണ് മുൻ മന്ത്രി പന്തളം സുധാകരൻ ഫേസ്ബുക്കിൽ എൻ.ജി. സുരേന്ദ്രന്റെ വേർപാട് പങ്കുവെച്ചത്. പന്തളം എൻ.എസ്.എസ് കോളജിലെ പഴയകാല ചിത്രവും ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.