പന്തളം: നാടെങ്ങും ഓണാഘോഷ ലഹരിയിൽ. ഓണം ഒരുക്കുന്നതിന്റെ അവസാന ഓട്ടവും പൂർത്തിയാക്കി ഉത്രാടപ്പാച്ചിലേക്ക് അടുക്കുകയാണ് വീട്ടമ്മമാർ. വസ്ത്രശാലകളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. പലവ്യഞ്ജന, പഴം, പച്ചക്കറി കടകളിലും തിരക്കിന് കുറവില്ല. പൂക്കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
മുൻകാല പ്രതിസന്ധികൾ കഴിഞ്ഞെത്തിയ ഓണക്കാലം പ്രതീക്ഷക്കൊത്ത് ഉണർന്നില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാലും നിരാശപ്പെടുത്തിയില്ലെന്ന അഭിപ്രായവും ഉണ്ട്. വർണാഭമാക്കി പൂക്കളുടെ വിപണി. തമിഴ്നാട്ടിൽനിന്നും വൻതോതിൽ പൂക്കളെത്തുന്നുണ്ട്. വസ്ത്രവിപണിയിലും തിരക്കേറി. പച്ചക്കറികളും പഴവർഗങ്ങളും തീർന്നത് കാരണം കൃഷിഭവന്റെ മിക്ക വിപണികളും സജീവമാണ്. നാടൻ കൃഷിയിനങ്ങൾക്കു നല്ലവില ലഭിക്കുന്നുണ്ട്. മഴക്കെടുതിയിൽ തകർന്ന കാർഷിക മേഖലക്ക് ഓണക്കാലത്തെ വില നേരിയ ആശ്വാസമായി. നഗരമേഖലയിൽ പുലികളി സജീവമായപ്പോൾ ഗ്രാമീണ മേഖലകളിൽ നാടൻ ഓണക്കളി സജീവമാണ്. ക്ലബുകളും സംഘടനകളും ഓണാഘോഷവുമായി രംഗത്തെത്തിക്കഴിഞ്ഞു.
പത്തനംതിട്ട: ഓണസദ്യക്ക് മണവും ഗുണവും പകരാൻ കറിക്കൂട്ടുകളും ഭരണിയിലായി. മല്ലിയും മുളകും ജീരകവും മഞ്ഞളുമെല്ലാം വെയിലിൽ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചിരിക്കുകയാണ് വീട്ടമ്മമാർ. കവറിൽ ലഭിക്കുന്ന കറിപ്പൊടികളോട് പൊതുവെ താൽപര്യം കുറഞ്ഞിട്ടുണ്ട്. ഇത്തവണ ജില്ലയിലെ മുപ്പതോളം കുടുംബശ്രീ യൂനിറ്റുകൾ ഓണത്തിന് സ്പെഷൽ കറിപ്പൊടികൾ ഒരുക്കി കാത്തിരിക്കുകയാണ്. ജില്ലയിലെ വിവിധ ഓണച്ചന്തകളിൽ ഇവ വിൽപനക്ക് എത്തിച്ചിട്ടുണ്ട്. ധാന്യപ്പൊടികൾ, ചിപ്സ്, പലഹാരങ്ങൾ എന്നിവയുടെ നിർമാണവും ഇതോടൊപ്പം നടക്കുന്നു.
പരമ്പരാഗത രീതിയിൽ ധാന്യങ്ങളും വിളകളും ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന മസാലകൾക്കും പൊടികൾക്കും ആവശ്യക്കാരുണ്ട്. വെളിച്ചെണ്ണയും അരിപ്പൊടിയും പ്രാദേശിക വിപണികളിൽ മുൻനിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.