പത്തനംതിട്ട: പുതിയ സ്റ്റാൻഡിലേക്ക് ബസുകൾ കടന്നു വരുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ യാത്രക്കാരുടെ നടുവൊടിയും. സ്റ്റാൻഡിലെ വലിയ കുഴികളിൽ വീണ് ആടിയുലയുന്ന സമയത്ത് യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ നടുവിന് ക്ഷതമുണ്ടാകുന്ന അവസ്ഥയാണിപ്പോൾ.
മഴക്കാലമായതിനാൽ നിറയെ ചളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഓരോ വർഷവും കൂടുതൽ ‘കുള’മാകുമെന്നല്ലാതെ ഇതുവരെ ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ബസിലേക്ക് കയറണമെങ്കിലും ബസ് കാത്തുനിൽക്കണമെങ്കിലും ഈ ചളിയിൽ ചവിട്ടിവേണം നിൽക്കാൻ. എലിപ്പിനിയും മറ്റ് ജലജന്യരോഗങ്ങളും പടരുമ്പോഴാണ് ജില്ല ആസ്ഥാനത്തെ സ്വകാര്യ ബസ്സ്റ്റാൻഡിലെ ദുരവസ്ഥ. മഴപെയ്യുമ്പോൾ സ്റ്റാൻഡിലൂടെ യാത്രക്കാർക്ക് നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്.
സ്റ്റാൻഡ് നവീകരണത്തിന് ഇടക്കിടെ വിവിധ പഠനങ്ങൾ നടത്തി റിപ്പോർട്ട് തയാറാക്കുന്നുണ്ട്. ഓരോ തവണയും അനുമതിക്കായി അയക്കുമ്പോൾ തള്ളിപ്പോകുകയാണ് പതിവ്. തിരുവനന്തപുരം എൻജിനീയറിങ് കോളജിന്റെ ആദ്യറിപ്പോർട്ട് തള്ളിപ്പോയിരുന്നു. ഇപ്പോൾ രണ്ടാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റിന് അയച്ചിരിക്കുകയാണ്. 3.67 കോടിയുടെ എസ്റ്റിമേറ്റാണ് നിലവിലെ റിപ്പോർട്ടിൽ തയാറാക്കിയിരിക്കുന്നത്. സ്റ്റാൻഡ് നിശ്ശേഷം തകർന്ന് കാലുകുത്താൻ പറ്റാത്ത അവസ്ഥയാണ്. മഴ സമയത്താണ് ഏറെ ദുരിതം.
സ്റ്റാൻഡിൽ മുമ്പ് കെ.എസ്.ആർ.ടി.സി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് അന്തർ സംസ്ഥാന സ്വകാര്യബസുകൾക്ക് പാർക്കിങ്ങിനായി വാടകക്ക് നൽകിയിരിക്കുകയാണ് നഗരസഭ. ഒരാഴ്ച മുമ്പ് മക്കിട്ട് ഉറപ്പിച്ചിരുന്ന ഈ ഭാഗവും ഇപ്പോൾ കുളമായ നിലയിലാണ്. ബസുകൾ കയറിയിറങ്ങുന്നതിനാൽ വലിയകുഴി രൂപപ്പെട്ടിരിക്കുകയാണ്.
ഈ പ്രദേശം ചതുപ്പായതിനാല്‍ ശാസ്ത്രീയ വികസനമാണ് ആവശ്യം. കെട്ടിട സമുച്ചയവും ശോച്യാവസ്ഥയിലാണ്. കടമുറികളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.