പത്തനംതിട്ട: അബാൻ ജങ്ഷനിലെ പത്തനംതിട്ട ടൗൺ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു. പത്തനംതിട്ടയുടെ സാംസ്കാരിക സംഗമ വേദിയായി ഇവിടം മാറുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
പത്തനംതിട്ടയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികളായ കെ.കെ. നായർ, ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവർക്ക് ഇവിടെ സ്മാരകമുയരും. ഓപൺ സ്റ്റേജിനൊപ്പം 1000 പേരെ ഉൾക്കൊള്ളാനും ഇവിടെ സൗകര്യമുണ്ടാകും. പ്രത്യേക ശബ്ദ, വെളിച്ച സംവിധാനം, വശങ്ങളിൽ പാർക്ക്, ചെറു പൂന്തോട്ടം, സ്നാക്സ് ബാർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടെ നഗര ഹൃദയത്തിലെ മനോഹരമായ ഇടങ്ങളിൽ ഒന്നായി ടൗൺ സ്ക്വയർ മാറും.
പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പദ്ധതിക്ക് വേണ്ടി നഗരസഭ പണം നൽകി സ്ഥലം ഏറ്റെടുത്തിരുന്നു. നഗരസഭ ബസ് സ്റ്റാൻഡിൽനിന്ന് മാറ്റിയ കെ.കെ. നായർ പ്രതിമക്ക് പകരം ടൗൺ സ്ക്വയറിൽ സ്ഥാപിക്കുന്ന പുതിയ പ്രതിമയുടെ നിർമാണം പൂർത്തിയായി. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സ്മരണാർഥം കവാടം സ്ഥാപിക്കാനും ബന്ധപ്പെട്ടുവരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു.
സാംസ്കാരിക ഒത്തുചേരലുകൾക്ക് വേദി ഒരുക്കുകയാണ് ടൗൺ സ്ക്വയർ പൂർത്തിയാക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്. സാംസ്കാരിക മുന്നേറ്റത്തിന് ഇത് ശക്തിപകരുമെന്ന് ഭരണസമിതി പ്രതീക്ഷിക്കുന്നതായി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.