Representational Image
പത്തനംതിട്ട: കോന്നി താലൂക്കിന്റെ ഭാഗമായിരുന്ന മൈലപ്ര, വള്ളിക്കോട് വില്ലേജുകളെ കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. മൈലപ്ര, വള്ളിക്കോട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ സഫലമായത്. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ ഉൾപ്പെട്ട 14 വില്ലേജിനെ ഉൾപ്പെടുത്തി 2013 മേയ് 28നാണ് കോന്നി താലൂക്ക് രൂപവത്കരിച്ചത്. അതിൽ മൈലപ്ര, വള്ളിക്കോട് വില്ലേജുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ, പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ടും ഭരണപരമായ സൗകര്യവും കണക്കിലെടുത്ത് ഇരുവില്ലേജിനെയും കോഴഞ്ചേരി താലൂക്കിന്റെ പരിധിയിൽ ഉൾപ്പെടുത്തണെമന്ന് ദീർഘനാളായ ആവശ്യമായിരുന്നു. ഇതിനായി നിരവധി സമരങ്ങളും നടന്നു.
ജില്ല ആസ്ഥാനത്തിന് തൊട്ടടുത്തുകിടക്കുന്ന ഈ വില്ലേജുകാർ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കോന്നിയിലായിരുന്നു. വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരം, കൈപ്പട്ടൂർ ഭാഗങ്ങളിലുള്ളവർക്ക് വൻദുരിതമായിരുന്നു. രണ്ട് പഞ്ചായത്തും നേരത്തേ കോഴഞ്ചേരി താലൂക്കിലായിരുന്നു. പിന്നീടാണ് കോന്നിയിലായത്. ജില്ല ആസ്ഥാനത്തുനിന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമേ മൈലപ്രയിലേക്കുള്ളൂ. കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിനെതിരെ മൈലപ്രയിൽ ശക്തമായ സമരമാണ് നടന്നത്. കൈപ്പട്ടൂർ, നരിയാപുരം പ്രദേശങ്ങൾ വള്ളിക്കോട് പഞ്ചായത്തിലാണ്. കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിനെതിരെ അവിടെയും സമരം നടന്നതാണ്. മൈലപ്ര, വള്ളിക്കോട് വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ.ഡി.എഫാണ്. 13 വാർഡുള്ള മൈലപ്ര പഞ്ചായത്തിലെയും 15 വാർഡുള്ള വള്ളിക്കോട് പഞ്ചായത്തിലെയും ജനങ്ങളുടെ ഒരു ദശാബ്ദം നീണ്ട ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.
കോഴഞ്ചേരി താലൂക്കിലെ വില്ലേജുകൾ
പത്തനംതിട്ട, കോഴഞ്ചേരി, ഓമല്ലൂർ, നാരങ്ങാനം, ചെന്നീർക്കര, കിടങ്ങന്നൂർ, ആറന്മുള, മെഴുവേലി, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, കുളനട, മൈലപ്ര, വള്ളിക്കോട്.
കോന്നി താലൂക്കിലെ വില്ലേജുകൾ
കലഞ്ഞൂർ, കൂടൽ, വള്ളിക്കോട് കോട്ടയം, പ്രമാടം, കോന്നി, കോന്നി താഴം, ഐരവൺ, മലയാലപ്പുഴ, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം.
വില്ലേജ് വിസ്തീർണം
മൈലപ്ര - 1220.1247 ഹെക്ടർ
വള്ളിക്കോട്- 1820.7466 ഹെക്ടർ
താലൂക്കിന്റെ വിസ്തീർണം
കോഴഞ്ചേരി - 20507.8730 ഹെക്ടർ
കോഴഞ്ചേരി -17467.0017 ഹെക്ടര്‍
കോന്നി - 93763.6996 ഹെക്ടർ
(പുനഃ ക്രമീകരണത്തിനുമുമ്പ്)
കോന്നി -90722.8283 ഹെക്ടർ
(പുനഃക്രമീകരണത്തിനുശേഷം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.