കോന്നി: വെറുമൊരു ബോർഡുമാത്രം െവച്ച് കമ്പനിയാണെന്ന് കാട്ടിയാണ് അഞ്ചുവർഷമായി നിക്ഷേപകരിൽനിന്ന് പോപുലർ ഫിനാൻസ് പണം സ്വീകരിച്ചിരിക്കുന്നത്. വകയാർ ആസ്ഥാനമായി പ്രധാനമായും പോപുലർ ഫിനാൻസ് മാത്രമാണുള്ളത്. എന്നാൽ, കെട്ടിടത്തിെൻറ ഒരോ മുറികളുടെ മുന്നിലും വിവിധ എൽ.എൽ.പി കമ്പനികളുടെ ബോർഡുകൾ സ്ഥാപിച്ച് നിക്ഷേപകരെ വലയിലാക്കിയാണ് നടത്തിപ്പുകാർ വഞ്ചിച്ചിരിക്കുന്നത്.
മേരി റാണി പോപുലർ നിധി ലിമിറ്റഡ്, എം.ആർ.പി.എൻ ചിട്ട് പ്രൈവറ്റ് ലിമിറ്റഡ്, മൈ പോപുലർ മറൈൻ പ്രൊഡക്ട്സ് എൽ.എൽ.പി, മേരി റാണി ട്രേഡിങ് എൽ.എൽ.പി, വകയാർ ലാബ് എൽ.എൽ.പി, സാൻ പോപുലർ ബിസിനസ് സൊല്യൂഷൻ ലിമിറ്റഡ്, സാൻ പോപുലർ ഇ- സൊല്യൂഷൻ എൽ.എൽ.പി, അമല പോപുലർ നിധി, എം.ആർ.പി.എൻ പോപുലർ എക്സ്പോർട്ട്, സാൻ പോപുലർ ഫ്യുവൽസ് എൽ.എൽ.പി, പോപുലർ മെഡികെയർ എൽ.എൽ.പി, സാൻ പോപുലർ ട്രേഡേഴ്‌സ് എൽ.എൽ.പി ഉൾെപ്പടെ ഇല്ലാത്ത 13 സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
അടിത്തറ ഇളകിത്തുടങ്ങിയത് 2014-15ൽ
കോന്നി: മധ്യതിരുവിതാംകൂർ കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് കോന്നി ആസ്ഥാനമായുള്ള പോപുലർ ഫിനാൻസ് നടത്തിയത്.
കേരളത്തിനകത്തും പുറത്തുമായി 350 ശാഖകൾ ഉള്ള പോപുലർ ലക്ഷക്കണക്കിന് നിക്ഷേപകരിൽനിന്ന് ആയിരത്തിലധികം കോടിയാണ് തട്ടിയെടുത്തത്. 1976ൽ പ്രവർത്തനം ആരംഭിച്ച പോപുലറിെൻറ അടിത്തറ ഇളകിത്തുടങ്ങിയത് 2014-15 കാലഘട്ടത്തിലാണ്. നിലവിലെ കമ്പനി എം.ഡി റോയി ഡാനിയേലിന് ഒരു പരിചയവും ഇല്ലാത്ത വനാമി കൊഞ്ച് കയറ്റുമതിയിൽ കോടികളുടെ നഷ്ടമുണ്ടായി.
ഇതോടെ മകൾ ഡോ. റീനു മറിയം തോമസിന് സി.ഇ.ഒ ചുമതല നൽകി. ഇതിനെ തുടർന്ന് ഒരോവർഷം കഴിയുന്തോറും കൂടുതൽ കൂടതൽ അടിത്തറ തകർന്നു 2020 ആയപ്പോഴേക്കും പതനം പൂർത്തിയാവുകയായിരുന്നു.
മകൾ ചുമതല ഏറ്റശേഷം ഏറ്റവും അധികം ബിസിനസ്സുള്ള ശാഖകൾ വിവിധ പേരുകളിൽ നിധി ലിമിറ്റഡുകളായി രജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിച്ചതോടെ ഹെഡ് ഓഫിസിൽ എത്തേണ്ട കോടികൾ വർഷങ്ങളായി വകയാർ ഓഫിസിലേക്ക് എത്തുന്നില്ല. ഇതിനു പുറമേയാണ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൽ നിക്ഷേപകരെ ബിസിനസ്സിൽ പങ്കാളികളാക്കി ആസൂത്രിതമായി കോടികളുടെ തട്ടിപ്പും അഞ്ചുവർഷം കൊണ്ട് നടത്തിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.