റാന്നി: കൊക്കോ കർഷകരുടെ പ്രതീക്ഷക്ക് തിരിച്ചടിയായി കൊക്കോ വില വീണ്ടും ഇടിഞ്ഞു. ഉണങ്ങിയ കൊക്കോ അരിക്ക് കിലോക്ക് 1000-1200 രൂപവരെ ഉയർന്ന ശേഷമാണ് ഇപ്പോൾ 200-250 രൂപക്ക് കച്ചവടം നടക്കുന്നതെന്ന് കർഷകർ. ഒരുഘട്ടത്തിൽ പച്ചക്കുരുവിന് ലഭിച്ച വില മാത്രമേ ഇപ്പോൾ ഉണക്കക്ക് ലഭിക്കുന്നുള്ളു.
അതേസമയം, കൊക്കോക്ക് ഈ മഴക്കാലം മോശം സമയമാണെന്നും കർഷകരിൽനിന്ന് ലഭിക്കുന്ന ഉണങ്ങിയ കൊക്കോഅരിപോലും നിറമില്ലാത്തതാണെന്ന് വ്യാപാരികൾ പറയുന്നു.
ഹൈറേഞ്ച് മണ്ണിലെ ഒന്നാം തരം കൊക്കോ കുരുവിനുപോലും 250-350 രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് കൊക്കോ അരിക്ക് മോഹവിലയാണ് കർഷകർക്ക് ലഭിച്ചത്. കിലോക്ക് 800 മുതൽ 1000 രൂപവരെ നിരവധി കർഷകർക്ക് ലഭിച്ചിരുന്നു. പിന്നീട് വില കുറഞ്ഞു.
വില ഉയരുന്നതുകണ്ട് നിരവധി പേരാണ് റബർ ഉൾപ്പെടെയുള്ള മറ്റു വിളകൾ ഉപേക്ഷിച്ച് വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞത്. 1000 വരെയുള്ളത് സ്ഥിരം വിലയാവില്ലെന്ന് മിക്കവർക്കും അറിയാമായിരുന്നെങ്കിലും കിലോ വില 400ൽ താഴില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, അതെല്ലാം ഇപ്പോൾ കൂപ്പുകുത്തി മറിഞ്ഞിരിക്കുകയാണ്. റബർ വിപണി ഉണർന്നപ്പോൾ കൊക്കോവില തീർത്തും കൂപ്പുകുത്തിയത് മലയോര മേഖലയിലെ നിരവധി കർഷക കുടംബങ്ങളുടെ പ്രതീക്ഷയാണ് ഇല്ലാതായത്.
മലയണ്ണാനും അണ്ണാനും കാട്ടുപക്ഷികളുമെല്ലാം പാകമാകുന്നതിനു മുമ്പ് വൻതോതിലാണ് കൊക്കോവിള നശിപ്പിക്കുന്നത്. മലയണ്ണാനും കുരങ്ങും കായ്കൾ അപ്പാടെ പറിച്ചുകൊണ്ടുപോയി നശിപ്പിക്കും.
കാർഷിക വിളകളുടെ വിലയിലെ വലിയ ചാഞ്ചാട്ടം മൂലം ജീവനോപാദിക്ക് ഏതുതരം കൃഷിയെ ആശ്രയിക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് മലയോര മേഖലയിലെ വലിയൊരു വിഭാഗം വരുന്ന സാധാരണ കർഷകർ.
കുരുമുളകും കാപ്പിയും അടക്കയും തീർത്തും താഴ്ന്നുപോകാത്ത വിലയിൽ നിൽക്കുമ്പോൾ കൊക്കോവില അഞ്ചിലൊന്നായി കുറയുകയായിരുന്നെന്നാണ് കൊക്കോ കർഷകരുടെ ദുഃഖം. കൊക്കോക്ക് സ്ഥിരവില ലഭിക്കാൻ സർക്കാർ തലത്തിലോ കർഷക സംഘടനതലത്തിലോ നടപടിയുണ്ടാവണമെന്നാണ് ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.