റാന്നി: കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിന് വിട്ടുകൊടുത്ത ഭൂമി ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും താവളമായതോടെ പരിസരവാസികളുടെ ജീവിതം ദുസ്സഹമായി. റാന്നി വടശ്ശേരിക്കര ശബരിമല അനുബന്ധ പാതയോട് ചേർന്നു കിടുക്കുന്ന മന്ദിരം 110 കെ.വി സബ് സ്റ്റേഷന്റെ സമീപത്തെ ഭൂമിയാണ് അവഗണന നേരിടുന്നത്. വ്യവസായ സംരംഭങ്ങൾക്കായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് വിട്ടുനൽകിയ അഞ്ചേക്കർ ഭൂമിയിൽ ഇതുവരെ സംരംഭങ്ങൾ ഒന്നും തുടങ്ങാൻ സർക്കാറിന് കഴിഞ്ഞില്ല. ഇപ്പോൾ ഇഴജന്തുക്കളുടെയും പന്നിയുടെയും താവളവമാതാണ് പരിസരവാസികളുടെ ജീവിതം ദുസ്സഹമാക്കിയത്.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് സംസ്ഥാന സർക്കാറിന് നാല് വർഷം മുമ്പ് ഭൂമി വിട്ടുകൊടുത്ത ശേഷം ഇവിടെ നടത്തിവന്ന പേപ്പർ പൾപ്പിന് ആവശ്യമായ യൂക്കാലി മരങ്ങളുടെ കൃഷിയും അവസാനിച്ചു. പിന്നീട് ഭൂമി കാടുകയറി കിടക്കുകയാണ്. ഇപ്പോൾ പരിസരത്തുള്ള വീട്ടുകളിൽ ഇഴജന്തുക്കളുടെ ശല്യമാണ്. കാട്ടുപന്നിയും പെറ്റുപെരുകി. വ്യവസായ ആവശ്യത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. 110 കെ.വി സബ് സ്റ്റേഷൻ ഭൂമിയുടെ അതിർത്തി പങ്കിടുന്നു. ചരക്കു നീക്കത്തിന് റോഡ് സൗകര്യവുമുണ്ട്. നിർദിഷ്ട ഗ്രീൻഫീൽഡ് എയർപോർട്ടിലേക്ക് 16 കിലോമീറ്റർ ദൂരം മാത്രം.
ഭൂമി വ്യവസായ വകുപ്പോ തൊഴിൽ വകുപ്പോ ഏറ്റെടുക്കണമെന്നാണ് റാന്നി പഞ്ചായത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച നിർദേശങ്ങൾ മന്ത്രിതലത്തിൽ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഭൂമിയും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ള സ്ഥിതിക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയുന്ന വ്യവസായ പാർക്കുകൾ തുടങ്ങണമെന്നാണ് പൊതുആവശ്യം. കാട് വെട്ടിത്തെളിച്ചാൽ ഇഴജന്തുക്കളുടെയും പന്നിയുടെയും ശല്യവും ഒഴിവാക്കാനാകും.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ലക്ഷ്യമിട്ട പെരുനാട് റബർ പാർക്കും ഉതിമൂടിലെ റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂനിറ്റും ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതുമൂലം നടക്കാതെ പോയി. ഈ സാഹചര്യത്തിൽ റാന്നി മന്ദിരം പടിക്ക് സമീപമുള്ള സർക്കാർ ഭൂമി വ്യവസായ സംരംഭങ്ങൾക്ക് അനുയോജ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.