റാന്നി: കോഴഞ്ചേരി-മേലുകര-റാന്നി റോഡിൽ കോഴഞ്ചേരി മുതൽ പുതമൺ വരെ കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവിസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. പുതമൺ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണമായി നിലച്ചതോടെ യാത്രക്ലേശം പരിഹരിക്കാനായി എം.എൽ.എ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിനോട് അഭ്യർഥിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ സർവിസ് ആരംഭിക്കാൻ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായി. കോഴൽഞ്ചേരിയിനിന്ന് പുതമണ്ണിലേക്ക് 15 മിനിറ്റ് ഇടവിട്ടുള്ള ഷട്ടിൽ സർവിസുകൾ ആയിരിക്കും ആരംഭിക്കുക. മറുകരയായ റാന്നി-പുതമൺ റൂട്ടിലും ഇതേ ദിവസം മുതൽ സർവിസ് ആരംഭിക്കാൻ സ്വകാര്യ ബസ് ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മേലുകര റാന്നി റോഡിലെ പുതുമൺ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 25 മുതൽ ഇതിലെയുള്ള വാഹനഗതാഗതം ഭാഗികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ കൂടുതൽ ഗുരുതരമായതോടെ കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം പുതമൺ പാലം കെട്ടിയടച്ചു ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി പ്രവേശനമുള്ളത്.
പുതമണ്ണിലെ തകർന്ന പാലത്തിന് പകരം താൽക്കാലിക പാത നിർമിക്കുന്നതിനായി ചെറുകോൽ പഞ്ചായത്ത് മൂന്ന് ദിവസത്തിനകം സ്ഥലം ഏറ്റെടുത്തുനൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ് കുമാർ ഉറപ്പ് നൽകി. താൽക്കാലിക പാത നിർമിക്കുന്നതിന് 30.80 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തകർച്ച നേരിടുന്ന പാലത്തിന് മുകൾ ഭാഗത്തായാണ് തോട്ടിൽ റിങ്ങുകൾ സ്ഥാപിച്ച് പാത നിർമിക്കുന്നത്. ഇതിനായി ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം താൽക്കാലികമായി വിട്ട് ലഭിക്കേണ്ടതുണ്ട്. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ താൽക്കാലിക പാതക്കെടുത്ത സ്ഥലം. വസ്തു ഉടമകൾക്കുതന്നെ തിരികെനൽകും. നിർമാണം ആരംഭിച്ചാൽ ഒരുമാസത്തിനകം താൽക്കാലിക പാതയുടെ നിർമാണം പൂർത്തീകരിക്കാനും യോഗത്തിൽ നിർദേശം വന്നു.
പൊട്ടലുകൾ പഴയ പാലത്തിനും ഇതിനോട് ചേർന്ന് നിർമിച്ച പുതിയ പാലത്തിനും കണ്ടെത്തിയതായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്സി എൻജിനീയർ സുഭാഷ് കുമാർ പറഞ്ഞു.
തൽക്കാലിക പാലത്തോടൊപ്പം പുതിയ സ്ഥിരമായ പാലം നിർമിക്കുന്നതിനുള്ള മണ്ണ് പരിശോധന പൂർത്തിയായി ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഡിസൈൻ വിഭാഗത്തിന് നൽകിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.