റാന്നി: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും നിയമസഭ തെരെഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെയും സ്വീകരിക്കുന്ന പ്രത്യേകതയുള്ള മണ്ഡലമാണ് റാന്നി. നിലവിലുള്ള പത്തനംതിട്ട മണ്ഡലം രൂപവത്കരിക്കപ്പെട്ട ശേഷം റാന്നി നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് നല്ല ഭൂരിപക്ഷം ലഭിച്ചുകൊണ്ടിരിക്കുന്നു.
മൂന്നുതവണയും ആന്റോ ആന്റണിക്കൊപ്പമായിരുന്നു മണ്ഡലം. ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ മതേതര മുന്നണി രൂപപ്പെടാനാണ് യു.ഡി.എഫിന് അനുകൂലമായി മാറുന്നത്. ഇത്തവണയും ഇൻഡ്യ മുന്നണിയുടെ വിജയത്തിന് ന്യൂനപക്ഷങ്ങളടക്കം നല്ലൊരു വിഭാഗം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയാണവർക്ക്. അതേസമയം, ഇത്തവണ എൽ.ഡി.എഫ് കളത്തിൽ ഇറക്കിയിരിക്കുന്നത് ശക്തനായ സ്ഥാനാർഥിയാണ്. എൽ.ഡി.എഫിന്റെ ഡോ. തോമസ് ഐസക് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ബി.ജെ.പിയുടെ അനിൽ ആൻറണിയുമുണ്ട്.
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് റാന്നി. കഴിഞ്ഞ തവണ ശബരിമല യുവതി പ്രവേശന വിഷയങ്ങൾക്കു ശേഷമുണ്ടായ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് മണ്ഡലത്തിൽനിന്ന് 39,560 വോട്ട് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് 50,755ഉം എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജിന് 42,931 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പ്രമോദ് നാരായണിന് 52,669ഉം യു.ഡി.എഫിലെ റിങ്കു ചെറിയാന് 51,384ഉം എൻ.ഡി.എയിലെ പദ്മകുമാറിന് 19,587 വോട്ടും ലഭിച്ചു.
കേന്ദ്ര ഭരണത്തിനെതിരെയും മണ്ഡലത്തിലെ പ്രദേശിക വിഷയങ്ങളെയും ഊന്നിയാണ് യു.ഡി.എഫിന്റെയും എൽ.ഡിഎഫിന്റെയും പ്രചാരണം. സി.എ.എ, ഏക സിവിൽ കോഡ്, മണിപ്പൂര് വിഷയങ്ങളിലേക്ക് കാര്യമായി ഇടത്- വലത് മുന്നണികൾ മണ്ഡലത്തിൽ അധികമായി കടക്കുന്നില്ല. മണ്ഡലത്തിലെ വോട്ടർമാർ രാജ്യത്ത് മതേതര മുന്നണി അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
റബറിന്റെ വിലയിടിവ്, പട്ടയം, വന്യമൃഗ ശല്യം, വിലക്കയറ്റം എന്നിവയാണ് മണ്ഡലത്തിലെ പ്രധാന ചർച്ച. റബർ കർഷകർ കൂടുതലുള്ള മണ്ഡലമാണ്. അതുകൊണ്ട് പ്രചാരണത്തിൽ റബർ വില ചർച്ചയാകും. മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യമുണ്ട്. കാട്ടുപോത്തും കാട്ടുപന്നിയും കാട്ടാനയും നാട്ടുകാരെ ശല്യം ചെയ്യുന്നു. ഈമാസം ആദ്യം വീടിനു സമീപത്ത് നിന്ന കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ കൊലപ്പെട്ടതോടെ വന്യമൃഗശല്യം ചർച്ചയായി. നാറാണംമൂഴി, വെച്ചൂച്ചിറ, കൊല്ലമുള, പെരുമ്പെട്ടി എന്നിവിടങ്ങളിൽ പട്ടയം കിട്ടാൻ നിരവധിയാളുകളുണ്ട്.
നിത്യോപയോഗ സാധനകളുടെ വിലക്കയറ്റം കാരണം സാധാരണക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. അടുത്തിടെ ഭൂമി രജിസ്ട്രേഷൻ, ബിൽഡിങ് ടാക്സ്, കെട്ടിട പെർമിറ്റ് എന്നിവയുടെ വർധന മണ്ഡലത്തിൽ എൽ.ഡി.എഫിന് തിരിച്ചടിയാകും. വൈദ്യുതി നിരക്ക് ഉൾപ്പെടെ സംസ്ഥാന സർക്കാർ സകല മേഖലയിലുമുള്ള വർധനയിൽ പൊറുതിമുട്ടുന്ന സാധാരണക്കാർ ദേശീയ രാഷ്ട്രീയത്തേക്കാളുപരി തങ്ങളുടെ പ്രശ്നത്തിൽ ചിന്തിക്കുന്നവരുമുണ്ട്. യു.ഡി.എഫിന് വോട്ട് നൽകിയാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ പാഠം പഠിപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് വോട്ടർമാർ. എന്നാൽ, ഇതിനെയൊക്കെ മറികടക്കാനുള്ള പ്രചാരണ പരിപാടികളാണ് എൽ.ഡി.എഫും ബി.ജെ.പിയും ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.