റാന്നി: വെള്ളമൊഴുക്ക് കുറഞ്ഞതോടെ പെരുന്തേനരുവി വെള്ളച്ചാട്ടം കാണുവാനുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. പാറയിടുക്കുകളിലൂടെയുള്ള മനോഹര വെള്ളച്ചാട്ടമായിരുന്നു പെരുന്തേനരുവിയുടെ പ്രത്യേകത. ഇന്നിപ്പോള്‍ മഴക്കാലത്തു മാത്രമായി പെരുന്തേനരുവിയിലെ വെള്ളമൊഴുക്ക് പരിമിതപ്പെട്ടു. ഡാം വന്നതോടെ വെള്ളം മുകളില്‍ തടയപ്പെട്ടു. താഴേക്ക് ഒഴുക്ക് നിലച്ച് പ്രതാപം നശിച്ച പെരുന്തേനരുവി കാണാനെത്തുന്നവരുടെ എണ്ണം ഇതോടെ കുറഞ്ഞു. നേരത്തേ അരുവിയില്‍ വർഷം മുഴുവൻ നീരൊഴുക്കും വെള്ളച്ചാട്ടവുമുണ്ടായിരുന്നു. പെരുന്തേനരുവിയും തൊട്ടു മുകള്‍ഭാഗത്തെ നാവീണരുവിയും കാണാനെത്തുന്നവരുടെ തിരക്ക് അഭൂതപൂർവമായിരുന്നു.
എന്നാല്‍ നാവീണരുവി നിലനിന്നിരുന്ന ഭാഗം പോലും ഇന്ന് കാണാൻ പ്രയാസം. ഈ സ്ഥലത്താണ് വൈദ്യുതിബോർഡ് മിനിഡാം പണിതത്. ഇരു അരുവികളും അതേ രീതിയില്‍ നിലനിർത്തി വൈദ്യുതപദ്ധതി നിർമിക്കണമെന്ന നിർദേശം ഉണ്ടായെങ്കിലും നടപ്പായില്ല. ഇതോടെ സഞ്ചാരികള്‍ തിരിഞ്ഞു നോക്കാതെയായി. അരുവികളുടെ നൈസർഗിക ഭാവം ഒപ്പിയെടുക്കാൻ മുമ്പ് എത്തിയിരുന്നവരാരും ഇപ്പോള്‍ ഇങ്ങോട്ടേക്കു വരാറില്ല. അരുവികളും വൈദ്യുതപദ്ധതിയും ബോട്ടിങും എല്ലാം ഇടകലർന്ന ടൂറിസം പദ്ധതി നടപ്പായിരുന്നെങ്കില്‍ പെരുന്തേനരുവി സംസ്ഥാന ടൂറിസം ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിക്കുമായിരുന്നു.
അതുവഴി ഈ പ്രദേശങ്ങളില്‍ വികസനവും വ്യാപാര നേട്ടങ്ങളും ഉണ്ടാകുമായിരുന്നു.പദ്ധതി രൂപകല്പന ചെയ്തതിലെയും നിർമാണത്തിലെയും വൈദഗ്ധ്യക്കുറവാണ് തകർച്ചയ്ക്കു കാരണമായത്. പെരുന്തേനരുവി കേന്ദ്രീകരിച്ച് ഡി.ടി.പി.സി ആസൂത്രണം ചെയ്ത പദ്ധതികളും ഇതോടെ പാളി. രണ്ട് പ്രളയങ്ങള്‍, വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട നിർമിതികളെയും തകർത്തു. ഡാമിനുമുകളിലൂടെ അത്യാവശ്യം സഞ്ചരിക്കാൻ പാലം നിർമിച്ചിട്ടുണ്ടെങ്കിലും ദീർഘവീക്ഷണത്തോടെ അധികൃതർ പ്രവൃത്തിച്ചിരുന്നെങ്കില്‍ ഇരുകരകളെയും ബന്ധിപ്പിച്ച് നാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണാമായിരുന്നു. ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും മാത്രമാണ് ഇന്നിപ്പോള്‍ തടയണയുടെ മുകളിലൂടെ സഞ്ചരിക്കുന്നത്.
പാലത്തിന്റെ ഒരു വശത്തു കൂടി മാത്രമേ ഗതാഗതം ഇപ്പോള്‍ സാധ്യമാകൂ. നദിയുടെ മറുകരയില്‍ നാറാണംമൂഴി പഞ്ചായത്തിലുള്ളവർക്ക് പെരുന്തേനരുവി, വെച്ചൂച്ചിറ ഭാഗത്തേക്കുള്ള യാത്രാമാർഗമാണിത്. വികസന സാധ്യതകള്‍ ഏറെയുണ്ടായിരുന്ന പദ്ധതിയാണ് അനാസ്ഥ മൂലം തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.