റാന്നി: റാന്നിയിലും പരിസരത്തും തെരുവുനായ്ക്കളുടെ ആക്രമണം. പല സ്ഥലങ്ങളിലായി കുട്ടികളും മുതിര്‍ന്നവരും അടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് കടിയേറ്റതായി സൂചന. തെരുവുനായുടെ ആക്രമണത്തില്‍ വടശ്ശേരിക്കര നരിക്കുഴിയിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറോടെ റാന്നി ബ്ലോക്കുപടിയിലാണ് പുതുശ്ശേരിമല സ്വദേശിയെ ആദ്യം ആക്രമിക്കുന്നത്.
പിന്നീട് മറ്റൊരു നായ് റാന്നി ഇട്ടിയപ്പാറ ഐത്തല റോഡിൽ ആക്രമണം നടത്തി. ഇവിടെ ഒരു കൊച്ചുകുട്ടിയെ മറിച്ചിട്ട് ആക്രമിച്ചു. ബ്ലോക്കുപടിയിൽ സ്കൂട്ടറിൽ വന്നിറങ്ങിയ പുതുശ്ശേരിമല ഇലവുങ്കൽ രവീന്ദ്രൻ നായരെയാണ് രാവിലെ തെരുവുനായ് കടിച്ചത്. കടിച്ച നായെ കണ്ടെത്താന്‍ ആയിട്ടില്ല. വടശ്ശേരിക്കര നരിക്കുഴിയില്‍ ലോട്ടറി വില്പനക്കാരനെ ആക്രമിച്ച നായ് ഗുരുതര പരിക്കുണ്ടാക്കി. ഇതിനെ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ തല്ലിക്കൊന്നു. ഇട്ടിയപ്പാറയിലെ നായെയും തല്ലിക്കൊന്നിട്ടുണ്ട്. എന്നാല്‍, ബ്ലോക്കുപടിയിലെ ആക്രമണകാരിയായ നായെ കണ്ടെത്താനായിട്ടില്ല.തെരുവില്‍ അലഞ്ഞുതിരിയുന്ന ഒരുപാട് നായ്ക്കളെ ഈ മൂന്നു സ്ഥലത്തും ആക്രമണകാരികളായ നായ് കടിച്ചിട്ടുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ വരുന്ന ദിവസങ്ങൾ സ്ഥിതി രൂക്ഷമാകും.
ഇട്ടിയപ്പാറ ബസ്സ്റ്റാൻഡിൽ തെരുവുനായ്ക്കളുടെ താവളമാണ്. ബസിൽനിന്ന് ഇറങ്ങുന്നവരുടെയും കയറാൻ വരുന്നവരുടെയും നേർക്ക് നായ്ക്കള്‍ കുരച്ചുചാടുകയും കടിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്. മന്ദിരം തെക്കേപ്പുറം റോഡിൽ തെരുവുനായ്ക്കളുടെ താവളമാണ്. വാഹനത്തിൽ വരുന്നവരുടെ നേരെ കുരച്ചു ചാടി വരുന്നതുമൂലം ഇരുചക്ര വാഹനയാത്രയും കാൽനടയും ദുഷ്കരമാണ്.
ചുങ്കപ്പാറ: ബസ്സ്റ്റാൻഡിലും പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. യാത്രക്കാരും മറ്റും നായ്ക്കളെ ചവിട്ടാതെ കടന്നുപോകാൻ ഏറെ പ്രയാസപ്പെടേണ്ട അവസ്ഥയാണ്. സ്റ്റാൻഡിലെ ഇരിപ്പിടങ്ങൾക്ക് സമീപവും പ്രവേശനകവാടവും നായ്ക്കളുടെ താവളമാക്കിയിരിക്കുകയാണ്.
പുലർച്ച ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കാറുമുണ്ട്. കൂട്ടമായെത്തുന്നവ ബസുകൾക്ക് ഇടയിലോടെ ബഹളം ഉണ്ടാക്കി പായുന്നത് സ്ഥിരം കാഴ്ചയാണ്. സ്ത്രീകളും കുട്ടികളുമടക്കം പലരും ഇവറ്റകളുടെ കടിയേൽക്കാതെ പലപ്പോഴും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടാണ്. യാത്രക്കാർക്ക് ഭീഷണിയായ തെരുവുനായ് ശല്യം നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.