ചിറ്റാർ: സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് തകർന്ന് യാത്ര ദുഷ്കരമായതോടെ നരകിക്കുന്നത് ആയിരത്തോളം കുടുംബം. നേരത്തേതന്നെ തകർന്നുകിടന്ന റോഡിൽ കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്ക് സ്ഥിതി കൂടുതൽ ദുരിതത്തിലാക്കി. ഗുരുനാഥൻമണ്ണിലേക്കുള്ള ഏഴുകിലോമീറ്റർ റോഡ് ഭൂരിഭാഗവും തകർന്നു. ഒമ്പത്, പത്ത് വാർഡുകളിലായി കിടക്കുന്ന ഈ മേഖലയിൽ ആയിരത്തോളം കുടുംബമാണ് താമസിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കുമൊന്നും ഇതുവഴി കടന്നുപോകാൻ കഴിയുന്നില്ല. റോഡിന്റെ തകർച്ച മുണ്ടൻപാറ, ഗുരുനാഥൻമണ്ണ്, കുന്നം മേഖലയിലെ ജനങ്ങളെയാണ് കൂടുതൽ ബാധിച്ചത്. ഓട്ടോ, ടാക്സി വാഹനങ്ങൾ ഈ പ്രദേശത്തേക്കു വരാൻ മടിക്കുന്നതായി നാട്ടുകാർ പറയുന്നു. മഴക്കാലത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. റോഡിന്റെ ശോച്യാസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിരവധി നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. റോഡ് വികസനത്തിന് കോടികൾ അനുവദിച്ചതായി നിരവധിതവണ പ്രഖ്യാപനങ്ങൾ നടന്നതാണ്. 2022ലെ ബജറ്റിൽ ഈ റോഡിനു തുക അനുവദിച്ചതായാണ് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞത്.
മഴക്കാലത്ത് ഈ മേഖലകളിളെല്ലാം ഉരുൾപൊട്ടൽ ഉണ്ടാകുന്ന സ്ഥലങ്ങളാണ്. വർഷങ്ങളായി റോഡ് തകർന്ന് കിടക്കുന്നതിനാൽ ഗുരുനാഥൻമണ്ണ്, കുന്നം മേഖലയിൽനിന്ന് നിരവധിപേർ താമസംമാറി. പലതവണ റോഡിലെ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ അടച്ചതാണ്. തകർന്ന റോഡിൽകൂടി വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ പറഞ്ഞു.
ജില്ല പഞ്ചായത്തിന്റെ അധീനതയിലെ റോഡ് വർഷങ്ങൾക്കു മുമ്പാണ് നന്നാക്കിയത്. ഈ റൂട്ടിലൂടെ രണ്ട് ബസ് സർവിസ് നടത്തുന്നുണ്ട്. റോഡ് തകർച്ച കാരണം സ്കൂൾ കുട്ടികൾക്ക് വരാനും പോകാനുമുള്ള സമയത്തു മാത്രമാണ് ഇവർ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.