ശബരിമല: ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഏറെ പ്രിയമേറിയ ഒന്നാണ് വെടിവഴിപാട്. മാളികപ്പുറം, ബെയ്ലി പാലം, വലിയ നടപ്പന്തൽ, ഫ്ലൈഓവർ എന്നിവിടങ്ങളിൽ വെടിവഴിപാട് നടത്താനുള്ള കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. കൗണ്ടറിൽ പണമടച്ച ഭക്തന്റെ പേര് മൈക്കിലൂടെ വിളിച്ചു പറഞ്ഞ് ഒരു മിനിറ്റിനകം സന്നിധാനത്തിന് 600 മീറ്റർ അകലെ കൊപ്രക്കളത്തിന് സമീപം തയാറാക്കിയ സ്ഥലത്ത് കതിനക്ക് തീകൊളുത്തും. പൊട്ടിയോ ഇല്ലയോ എന്നറിയാൻ വഴിപാട് കൗണ്ടറിന് സമീപം വലിയ മോണിറ്ററും സ്ഥാപിച്ചിട്ടുണ്ട്.
മുമ്പ് കരിമലയിലും, ശരംകുത്തിയിലും വെടിവഴിപാടിന് സൗകര്യം ഉണ്ടായിരുന്നു. വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിന്റെ വാദത്തെത്തുടർന്ന് ഇത് നിർത്തലാക്കുകയായിരുന്നു. 2023 ജനവരി രണ്ടിന് മാളികപ്പുറം ക്ഷേത്രത്തിന് സമീപം വെടിപ്പുരയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കാൻ ഇടയായ സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വെടിവഴിപാടിന് കരാർ നൽകിയത്. ഈ ഉത്സവ കാലത്ത് 1500 കിലോ വെടിമരുന്ന് ഉപയോഗിക്കാനാണ് എക്സ്പോഷർ കൺട്രോൾ ബോർഡിന്റെ അനുമതിയുള്ളത്. 25 വർഷമായി വെടിവഴിപാടിന്റെ കരാർ തിരുവനന്തപുരം സ്വദേശി പവന സുധീറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.