പത്തനംതിട്ട: 220 അക്കാദമിക് ദിനങ്ങൾ വേണമെന്ന കെ.ഇ.ആർ പരിഷ്കരണ ഭാഗമായി ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയതിനെതിരെ അധ്യാപക സംഘടനകൾ പ്രതിഷേധം ശക്തമാക്കി. ശനിയാഴ്ച നടന്ന ക്ലസ്റ്റർ യോഗങ്ങൾ ബഹിഷ്കരിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ സമരത്തിലേക്കും കടന്നു. ആറാം പ്രവൃത്തി ദിനമായ ശനിയാഴ്ചകളിൽ 50 ശതമാനത്തോളം അധ്യാപകരും കുട്ടികളും സ്കൂളുകളിൽ എത്തുന്നില്ല. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ പ്രവൃത്തിക്കുമ്പോൾ അൺഎയ്ഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. ജൂൺ 15നാണ് ആറാം പ്രവൃത്തി ദിനത്തിലെ ആദ്യ ക്ലാസുകൾ തുടങ്ങിയത്.
അന്ന് ക്ലസ്റ്റർ നടത്താനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീടത് പിൻവലിച്ച് ക്ലാസുണ്ടാകുമെന്ന അറിയിപ്പ് വരുകയായിരുന്നു. 22നും അധ്യയനം നടന്നു. 29ന് നടത്തിയ ക്ലസ്റ്റർ യോഗങ്ങൾ അധ്യാപകരുടെ പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 220 പ്രവൃത്തിദിനമാക്കണമെന്ന നിർദേശപ്രകാരം രണ്ടാമത്തേതൊഴികെയുള്ള എല്ലാ ശനിയാഴ്ചകളും അധ്യയനം ഉണ്ടാകണമെന്ന തീരുമാനം വന്നത്. അധ്യാപക സംഘടനകൾ പൊതുവെ ഈ തീരുമാനത്തോട് എതിർപ്പ് അറിയിച്ചിരുന്നു. തുടർച്ചയായ ആറാം ദിനത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
ഇതുതന്നെ കെ.ഇ.ആർ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അധ്യാപക സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടി. മുമ്പ് ശനിയാഴ്ച പ്രവൃത്തിദിനമാക്കിയിരുന്നത് ആ ആഴ്ചയിൽ ഏതെങ്കിലുമൊക്കെ അവധി കടന്നുവരുമ്പോൾ മാത്രമായിരുന്നു. തുടർച്ചയായ അധ്യയന ദിനങ്ങൾ അധ്യാപകരെയും കുട്ടികളെയും ഒരേപോലെ തളർത്തുമെന്നാണ് അധ്യാപക സംഘടനകളും മറ്റും ചൂണ്ടിക്കാട്ടുന്നത്. രണ്ടാം ശനി ഒഴികെയുള്ള ദിനങ്ങളിൽ സ്കൂളുകളിൽ മുമ്പ് എത്തിയിരുന്നത് പ്രഥമാധ്യാപകരും ജീവനക്കാരും മാത്രമാണ്.
ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും ജൂണിലെ ആറാം പ്രവൃത്തിദിനത്തിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു. ശരാശരി ഹാജർ 50 ശതമാനമായിരുന്നു. പ്രൈമറി ക്ലാസുകളിലാണ് ഹാജർ ഏറ്റവും കുറഞ്ഞത്. യു.പി, ഹൈസ്കൂൾ ക്ലാസുകളിലും ഹാജർനില മോശമായിരുന്നു. തുടർച്ചയായ ആറാം ദിനം സ്കൂളിലേക്കെത്താൻ കുട്ടികൾ പൊതുവെ മടികാട്ടുന്നുണ്ട്. അൺഎയ്ഡഡ് സ്കൂളുകൾക്ക് അവധി നൽകുമ്പോൾ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ മാത്രമായി സ്കൂളിലേക്ക് പോകുന്നതിനു മടികാട്ടുക സ്വാഭാവികമാണ്. സ്കൂൾ വാഹനങ്ങൾ അയച്ചിരുന്നെങ്കിലും കുട്ടികൾ വരാൻ കൂട്ടാക്കിയില്ലെന്ന് അധ്യാപകർ പറയുന്നു.
പ്രീപ്രൈമറി ക്ലാസുകൾക്ക് ശനിയാഴ്ച അവധി നൽകിയതും പൊതുഅധ്യയനത്തെ ബാധിച്ചു. വീടുകളിൽ മുതിർന്ന കുട്ടികൾക്കൊപ്പമാണ് പ്രീപ്രൈമറി കുട്ടികളിൽ നല്ലൊരു പങ്കിനെയും സ്കൂളിൽ അയക്കുന്നത്. ചെറിയ കുട്ടികൾ വീട്ടിലുള്ളപ്പോൾ അവർക്ക് കൂട്ടിനും സഹായത്തിനുമൊക്കെ മുതിർന്ന കുട്ടികൾ വീട്ടിൽ തങ്ങുക പതിവാണ്. മാതാപിതാക്കൾ ജോലിക്കു പോകുന്ന വീടുകളിൽ കുട്ടികൾക്ക് ഒരേപോലെ അവധി ലഭിക്കുന്നില്ലെങ്കിലും അതു സാരമായി ബാധിക്കും.
ശനിയാഴ്ച അധ്യയന ദിനം പൊതുവിദ്യാലയങ്ങളുടെ ചെലവുകൾ വർധിപ്പിക്കുമെന്ന് പ്രഥമാധ്യാപകർ. സ്കൂൾ ഉച്ചക്കഞ്ഞി, വാഹനച്ചെലവ്, വൈദ്യുതി, വെള്ളം എന്നിവയെല്ലാം ഏറും. സർക്കാർ ഗ്രാന്റ് ലഭിക്കാത്ത എയ്ഡഡ് വിദ്യാലയങ്ങളിൽ ഇവയിൽ നല്ലൊരു പങ്കും പ്രഥമാധ്യാപകർ കണ്ടെത്തേണ്ടി വരുന്നു. ഉച്ചഭക്ഷണച്ചെലവ് നിലവിൽ പ്രഥമാധ്യാപകരുടെ കീശയിലെ പണം ചോർത്തുന്നതാണ്. ആഴ്ചയിൽ ഒരുദിവസം കൂടി ആകുമ്പോൾ ബാധ്യത വർധിക്കും. പൊതുവിദ്യാലയങ്ങളിൽ എത്തുന്നവരിൽ സ്കൂൾ വാഹനങ്ങളിലെ യാത്രക്ക് പണം നൽകുന്നവർ വിരളമാണ്.
തുടർച്ചയായ ആറാം പ്രവൃത്തി ദിനമായ ശനിയാഴ്ച നടത്തിയ ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച കോൺഗ്രസിന്റെയും ബിജെ.പിയുടെയും അധ്യാപക സംഘടനകൾ തെരുവിൽ പ്രതിഷേധം വ്യാപിപ്പിച്ചു. കോൺഗ്രസിന്റെ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) തിരുവല്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.
വിവിധ വിദ്യാഭ്യാസ കമീഷനുകൾ അംഗീകരിച്ച അധ്യയന സമയം ആലോചനയില്ലാതെ വർധിപ്പിച്ചതായി കെ.പി.എസ്.ടി.എ ആരോപിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയേ തകർക്കുന്ന ഹൈസ്കൂൾ- ഹയർസെക്കൻഡറി ലയനം ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അധ്യാപകർ ധർണയിൽ ഉന്നയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. പ്രേം, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ വർഗീസ് ജോസഫ്, വി.ജി കിഷോർ, എസ്. ദിലീപ്കുമാർ, സി.കെ. ചന്ദ്രൻ, ബിറ്റി അന്നമ്മ തോമസ്, പ്രീത ബി. നായർ, സി.കെ. ചന്ദ്രൻ, സംസ്ഥാന വനിത ഫോറം കൺവീനർ എസ്. ചിത്ര, ട്രഷറർ ഫ്രെഡി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബി.ജെ.പിയുടെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും (എൻ.ടി.യു) ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ചും മുസ്ലിം കലണ്ടർ പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയുമാണ് സർക്കാർ അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന ഇടത് സർക്കാറിനെതിരെ ഇടത് അധ്യാപക സംഘടനകൾ മൗനത്തിലാണെന്നും ഇവർ പറയുന്നു.
ക്ലസ്റ്റർ യോഗം നടന്ന പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ പടിക്കൽ നടന്ന പ്രതിഷേധം അധ്യാപക പരിഷത്ത് ജില്ല പ്രസിഡന്റ് അനിത ജി. നായർ, അക്കാദമിക് കലണ്ടർ കത്തിച്ച് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ പടിക്കൽ നടന്ന പ്രതിഷേധം സംസ്ഥാന സമിതി അംഗം എസ്. ഗിരിജ ദേവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജി. സനൽ കുമാർ, ബി. മനോജ്, ജ്യോതി. ജി. നായർ, വിഭു നാരായൺ, ഡോ. ഹരിലാൽ എന്നിവർ സംസാരിച്ചു.
ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ തുടർച്ചയായി സമരത്തിലാണ്. ഒരുവിഭാഗം അധ്യാപകർ ജൂൺ 15ന് കൂട്ട അവധിയെടുത്തു പ്രതിഷേധിച്ചു. സംയുക്ത അധ്യാപക സമിതി നേതൃത്വത്തിൽ കൂട്ടഅവധിയെടുത്ത അധ്യാപകർ അന്ന് പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫിസ് പടിക്കൽ ധർണയും നടത്തിയിരുന്നു. പാഠ്യപദ്ധതി അവലോകനും ആസൂത്രണവും നടത്താൻ കഴിഞ്ഞദിവസം വിളിച്ച അധ്യാപകരുടെ ക്ലസറ്റർ പരിശീലനം, തെരുവ് പ്രതിഷേധത്തിനും വേദിയായി. സി.പി.എമ്മിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.യുവിൽപെട്ട അധ്യാപകരിലും കനത്ത അമർഷം ഉണ്ടെങ്കിലും ഭരണത്തിന്റെ ഭാഗമായതിനാൽ അവർ നിർബന്ധിതമായി ശനിയാഴ്ചകളിൽ എത്തുന്നുണ്ട്.
എന്നാൽ, മറ്റ് ഇടത് രാഷ്ട്രീയ പാർട്ടികളുടെ അധ്യാപക സംഘടനകളും പ്രതിഷേധത്തിലാണെങ്കിലും പരസ്യമായി രംഗത്തെത്തിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസത്തെ ക്ലസ്റ്റർ യോഗങ്ങളിൽ സി.പി.ഐയുടെ അധ്യാപക സംഘടനയായ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ( എ.കെ.എസ്.ടി.യു) പ്രതിനിധികൾ ശനിയാഴ്ചകളിലെ പ്രവൃത്തിദിനത്തിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പങ്കെടുത്തതത് പരസ്യപ്രതിഷേധത്തിലേക്ക് നീങ്ങുന്നതിന്റെ സുചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.